Latestദേശീയം

ഡൽഹിയിൽ യുവതിയെ ബലം പ്രയോഗിച്ച്‌ സ്ലീപ്പര്‍ ബസില്‍ കയറ്റി കൂട്ടബലാത്സംഗം ചെയ്തു; ഡ്രൈവറും കണ്ടക്ടറും അറസ്റ്റില്‍

ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസില്‍ യുവതി കൂട്ടബലാത്സംഗത്തിനിരയായി.ബസ് ഡ്രൈവറും കണ്ടക്ടറുമാണ് അതിക്രമം നടത്തിയത്. യുവതിയുടെ പരാതിയില്‍ കേസെടുത്ത പൊലീസ് ഇരുവരെയും അറസ്റ്റ് ചെയ്തു. സംഭവം നടന്ന സ്ലീപ്പർ ബസ് പൊലീസ് കസ്റ്റഡിയിലെടുത്തു. വിശദമായ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

ദില്ലിയിലെ റാണി ബാഗ് മേഖലയില്‍ തിങ്കളാഴ്ച രാത്രിയിലാണ് സംഭവം നടന്നതെന്നാണ് പൊലീസിനെ ഉദ്ധരിച്ചുള്ള റിപ്പോ‍ർ‌ട്ട്. പിതാംപുര സ്വദേശിയായ യുവതിയാണ് അതിക്രമത്തിന് ഇരയായത്. മംഗോള്‍പുരിയില്‍ ഉള്ള ഫാക്ടറിയിലെ ജീവനക്കാരിയായ യുവതി, പതിവുപോലെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് നടന്നുപോകുന്നതിനിടെ ആണ് ബസില്‍ ബലംപ്രയോഗിച്ചു കയറ്റി കൂട്ടബലാത്സംഗത്തിനിരയാക്കിയത്.

സമയം ചോദിക്കാനെന്ന വ്യാജേന യുവതിയുടെ സമീപത്തെത്തിയ ജീവനക്കാരൻ, യുവതിയെ ബലമായി ബസിലേക്ക് കയറ്റുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. തുടർന്ന്, നംഗ്ലോയ് ഭാഗത്തേക്ക് ബസ് കൊണ്ടുപോകുകയും യുവതിയെ പീഡിപ്പിക്കുകയുമായിരുന്നു.

ബസിനുള്ളില്‍വെച്ച്‌ ഡ്രൈവറും കണ്ടക്ടറും ചേർന്ന് പീഡിപ്പിക്കുകയായിരുന്നുവെന്ന് യുവതിയുടെ പരാതിയില്‍ പറയുന്നു. യുവതിയുടെ വൈദ്യപരിശോധന പൂർത്തിയാക്കിയ ശേഷമാണ് കേസെടുത്തതും പ്രതികളെ അറസ്റ്റു ചെയ്തതും. കൂട്ടബലാത്സംഗത്തിനിരയായ യുവതി മൂന്നു കുട്ടികളുടെ അമ്മയാണ്. സംഭവത്തില്‍ വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. സംഭവം വലിയ നാണക്കേടാണെന്നും നിർഭയ ആവർത്തിച്ചിരിക്കുകയാണെന്നും എഎപി നേതാവ് സൗരഭ് ഭരദ്വജ് പ്രതികരിച്ചു.