Latestകണ്ണൂര്‍കേരളം

കണ്ണൂരിൽ ഭക്ഷ്യ-പാനീയ വിതരണ കേന്ദ്രങ്ങളിൽ ആരോഗ്യ വകുപ്പിന്റെ വ്യാപക റെയ്ഡ്,75 കടകൾക്ക് നോട്ടീസ്, 3 എണ്ണം പൂട്ടിപ്പിച്ചു

കണ്ണൂർ : പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലയിലെ ഭക്ഷ്യ-പാനീയ വിതരണ കേന്ദ്രങ്ങളിൽ ആരോഗ്യ വകുപ്പിന്റെ വ്യാപക റെയ്ഡ്. ജില്ലാ ആരോഗ്യ വകുപ്പിന്റെ ‘ആരോഗ്യ ജാഗ്രത’ പരിപാടിയുടെ ഭാഗമായി രൂപീകരിച്ച 105 പ്രത്യേക സ്ക്വാഡുകളാണ് ജില്ലയിലുടനീളം അപ്രതീക്ഷിത പരിശോധന നടത്തിയത്. ഹോട്ടലുകൾ, കൂൾബാറുകൾ, ബേക്കറികൾ, ജ്യൂസ് കടകൾ, തട്ടുകടകൾ ഉൾപ്പെടെ ആകെ 1,092 സ്ഥാപനങ്ങളിലാണ് ഉദ്യോഗസ്ഥർ പരിശോധന പൂർത്തിയാക്കിയത്.

വൃത്തിഹീനമായ സാഹചര്യത്തിൽ ഭക്ഷണം പാചകം ചെയ്യുക, ഹെൽത്ത് കാർഡ് ഇല്ലാതിരിക്കുക, കൃത്യമായ ലൈസൻസോ ജലഗുണനിലവാര സർട്ടിഫിക്കറ്റോ സൂക്ഷിക്കാതിരിക്കുക തുടങ്ങിയ വീഴ്ചകൾ കണ്ടെത്തിയ 75 സ്ഥാപനങ്ങൾക്ക് പൊതുജനാരോഗ്യ നിയമം 2023 പ്രകാരം ലീഗൽ നോട്ടീസ് നൽകി. ഗുരുതരമായ ആരോഗ്യ സുരക്ഷാ വീഴ്ചകൾ കണ്ടെത്തിയ ഒരു ഹോട്ടൽ, ബേക്കറി, ജ്യൂസ് കട ഉൾപ്പെടെയുള്ള 3 സ്ഥാപനങ്ങൾ അടിയന്തരമായി അടച്ചുപൂട്ടാൻ ആരോഗ്യ വകുപ്പ് കർശന നിർദ്ദേശം നൽകി.

ഭക്ഷ്യശുചിത്വത്തിന് പുറമെ കടകളിൽ പുകവലി വിരുദ്ധ ബോർഡുകൾ സ്ഥാപിക്കാത്തവർക്കെതിരെയും കടുത്ത നടപടിയുണ്ടായി. ചക്കരക്കൽ വാർത്ത. നിയമപ്രകാരമുള്ള പുകവലി നിരോധിത ബോർഡുകൾ പ്രദർശിപ്പിക്കാത്ത 121 കടകളിൽ നിന്നായി ആകെ 10,600 രൂപ പുകവലി നിയന്ത്രണ നിയമപ്രകാരം പിഴയായി ഈടാക്കി. വരും ദിവസങ്ങളിലും പരിശോധനകൾ കൂടുതൽ ശക്തമാക്കുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഇൻചാർജ് ഡോ. കെ.സി. സച്ചിൻ അറിയിച്ചു.