Latestകണ്ണൂര്‍

തളിപ്പറമ്പില്‍ പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

കണ്ണൂർ: തളിപ്പറമ്പില്‍ പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു.കുറുമാത്തൂർ വൈത്തല സ്വദേശിനി വാസന്തി (60) ആണ് മരിച്ചത്.കഴിഞ്ഞ ശനിയാഴ്ച രാവിലെയാണ് ദാരുണമായ സംഭവം.

വീടിന്റെ ഞാലിയില്‍ ജോലി ചെയ്യുന്നതിനിടെ വാസന്തിക്ക് പാമ്പുകടിയേല്‍ക്കുകയായിരുന്നു. ഉടൻ തന്നെ വീട്ടുകാർ തളിപ്പറമ്പിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അവിടെ പ്രാഥമിക ചികിത്സ നല്‍കിയെങ്കിലും നില ഗുരുതരമായതിനെ തുടർന്ന് പിന്നീട് കണ്ണൂർ എ.കെ.ജി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.ദിവസങ്ങളോളം ആശുപത്രിയില്‍ വെന്റിലേറ്ററിന്റെ സഹായത്തോടെ ചികിത്സയില്‍ കഴിഞ്ഞെങ്കിലും ഇന്നലെയോടെ വാസന്തിയുടെ നില വഷളായി. ചികിത്സയ്ക്കിടെ മരണം സംഭവിക്കുകയായിരുന്നു.

മഴക്കാലമായതോടെ ജില്ലയില്‍ പാമ്പുകടി കേസുകള്‍ വർധിച്ചുവരുന്നുണ്ട്. വീടിനും പരിസരത്തും വൃത്തിയും ജാഗ്രതയും പാലിക്കണമെന്ന് ആരോഗ്യവകുപ്പ് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.ഞാലി പോലുള്ള ഇരുണ്ടതും നനവുള്ളതുമായ സ്ഥലങ്ങളില്‍ ജോലി ചെയ്യുമ്പോള്‍ കൂടുതല്‍ ശ്രദ്ധ വേണമെന്ന് നാട്ടുകാർ പറയുന്നു. . ഒരു സാധാരണ ജോലിക്കിടെ സംഭവിച്ച അപകടം ഒരു കുടുംബത്തെ മുഴുവൻ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്.ഭർത്താവ് പരേതനായ ഭാസ്കരൻ ആണ്. മക്കള്‍: സൗമ്യ, പരേതയായ സന്ധ്യ. മരുമകൻ: പ്രദീപൻ (പാപ്പിനിശേരി).