Latestകണ്ണൂര്‍

നിതിൻരാജിന്റെ മരണം; ഡോ. എം.കെ. റാമിന്റെ ജാമ്യഹർജിയിൽ ഇന്ന് വിധി

കണ്ണൂർ : അഞ്ചരക്കണ്ടി ഡെന്റൽ കോളജ് വിദ്യാർഥി നിതിൻരാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ ഡോ. എം.കെ. റാമിന്റെ ജാമ്യഹർജിയിൽ ജില്ലാ സെഷൻസ് കോടതി ഇന്ന് വിധി പറയും. ജാമ്യഹർജിയിൽ ഇരുഭാഗത്തിന്റെയും വാദം നേരത്തെ പൂർത്തിയായിരുന്നു.

കോടതി അനുമതിയോടെയാണ് ജൂലൈ 24ന് ഡോ. എം.കെ. റാമിനെ അറസ്റ്റ് ചെയ്തത്. സുപ്രീംകോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്ന് അഭിഭാഷകനൊപ്പം കണ്ണൂരിലെത്തി കീഴടങ്ങാൻ പോകുന്നതിനിടെ കുടകിൽനിന്നാണ് റാമിനെ കസ്റ്റഡിയിലെടുത്തത്.

ഏപ്രിൽ 10നാണ് മെഡിക്കൽ കോളജ് കെട്ടിടത്തിന് മുകളിൽ നിന്ന് നിതിൻരാജ് ചാടി മരിച്ചത്. സംഭവത്തിൽ സംസ്ഥാന ക്രൈംബ്രാഞ്ച് എസ്.പി കെ.വി. വേണുഗോപാലിന്റെ മേൽനോട്ടത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്.

പ്രത്യേക അന്വേഷണ സംഘത്തിൽ നിന്ന് ഏപ്രിൽ 30നാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയത്. കേസിലെ തുടർനടപടികളുടെ ഭാഗമായി ഡോ. എം.കെ. റാമിന്റെ ജാമ്യാപേക്ഷയിൽ ഇന്ന് കോടതി തീരുമാനം അറിയിക്കും.