Latestകേരളം

വിവാഹദിനത്തില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് മലയാളി നവവരൻ മരിച്ചു

മൂവാറ്റുപുഴ അമേരിക്കയിലെ അറ്റ്ലാന്റയില്‍ വിവാഹദിനത്തിലുണ്ടായ ഹെലികോപ്റ്റർ ദുരന്തത്തില്‍ മലയാളിയായ നവവരനടക്കം രണ്ടുപേർ മരിച്ചു.വധുവിന് പരിക്കേറ്റു. അമേരിക്കയില്‍ സ്ഥിരതാമസക്കാരായ മൂവാറ്റുപുഴ വീട്ടൂർ കടുവാക്കുഴിയില്‍ കെ.ടി. ജോർജിന്റെ മകൻ ഫിജി ജോർജിന്റെയും ഫേബയുടെയും മകൻ ഡേവ് ഫിജി (26) ആണ് മരിച്ചത്.

പരിക്കേറ്റ വധു തിരുവല്ല ഭരണിക്കാവ് തലവടി ചുടുകാട്ടില്‍ സാമിന്റെയും ഷീലയുടെയും മകള്‍ ജെസ്നി (25) ചികിത്സയിലാണ്. കോപ്റ്റർ പൈലറ്റാണ് ദുരന്തത്തില്‍ മരിച്ച മറ്റൊരാള്‍. മരിച്ച ഡേവ് ഫിജി ഡെല്‍റ്റ എയർലൈൻസ് പൈലറ്റാണ്.

ജോർജിയ ഡോസണ്‍ കൗണ്ടിയില്‍ അമേരിക്കൻ സമയം വെള്ളിയാഴ്ച രാത്രി 10 മണിയോടെയായിരുന്നു അപകടം. വിവാഹസത്കാരം കഴിഞ്ഞ് വധൂവരൻമാർ റോബിൻസണ്‍ ആർ 66 ഹെലികോപ്റ്ററില്‍ ഹോട്ടലിലേക്ക് പോകുമ്പോഴായിരുന്നു അപകടം.

ഹെലികോപ്ടർ ഡോസണ്‍വില്ലയിലെ 24 മൗണ്ട് വെർനണ്‍ ഡ്രൈവിന് സമീപാണ് തകർന്നുവീണത്. വിജന സ്ഥലമാണിത്. അപകടത്തേത്തുടർന്ന് ബോധരഹിതയായിപ്പോയ ജെസ്നി അഞ്ചുമണിക്കൂറോളം കഴിഞ്ഞ് ഉണർന്നപ്പോള്‍ വിവരം ഹെല്‍പ്പ്ലൈനില്‍ വിളിച്ചറിയിക്കുകയായിരുന്നു.

രക്ഷാപ്രവർത്തകരെത്തി ജെസ്‌നിയെ ആശുപത്രിയിലെത്തിച്ചു. ഹെലികോപ്റ്റർ പുറപ്പെട്ടശേഷം കാലാവസ്ഥ മോശമായതും മരച്ചില്ലയില്‍ തട്ടിയതുമാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം. സംഭവത്തില്‍ നാഷണല്‍ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡ് (എൻ.ടി.എസ്.ബി.) അന്വേഷണം തുടങ്ങി.

വീട്ടൂർ എബനേസർ സ്‌കൂളില്‍ അധ്യാപകനായിരുന്ന ഫിജി ജോർജിന്റെ പിതാവിന്റെ കാലത്തുതന്നെ കുടുംബം അമേരിക്കയില്‍ താമസം തുടങ്ങിയതാണ്. ഫിജിയും ഫേബയും ബെംഗളൂരുവില്‍ ബി.ഫാം പഠിച്ചശേഷം അമേരിക്കയില്‍ ആരോഗ്യരംഗവുമായി ബന്ധപ്പെട്ട് ജോലി ചെയ്യുകയായിരുന്നു.