Latestദേശീയം

ഒമാന്‍ തീരത്തെ കപ്പല്‍ ആക്രമണം; മൂന്ന് ഇന്ത്യന്‍ നാവികര്‍ കൊല്ലപ്പെട്ടു

തെഹ്‌റാന്‍: ഗള്‍ഫ് ഒഫ് ഒമാനില്‍ ടാങ്കറിന് നേരെ യുഎസ് നടത്തിയ ആക്രമണത്തില്‍ കാണാതായ മൂന്ന് ഇന്ത്യന്‍ നാവികരും കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു. കേന്ദ്ര തുറമുഖ ഷിപ്പിങ് ജലഗതാഗത വകുപ്പ് മന്ത്രി സര്‍ബാനന്ദ സോനോവാള്‍ ഇക്കാര്യം സ്ഥിരീകരിച്ചതായി റോയിട്ടേയ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഡെക്ക് കേഡറ്റ് ആദിത്യ ശര്‍മ, എഞ്ചിന്‍ ഫിറ്റര്‍ ശിവാനന്ദ് ശൗരസ്യ, ചീഫ് എന്‍ജിനീയര്‍ പട്‌നാല സുരേഷ് എന്നിവരാണ് മരിച്ചത്. ഒമാന്‍ തുറമുഖമായ സോഹറില്‍ നിന്നും 20 നോട്ടിക്കല്‍ മൈല്‍ വടക്ക് കിഴക്കായി അന്താരാഷ്ട്ര ജലപാതയിലൂടെ സഞ്ചരിക്കുമ്പോഴാണ് ആക്രമിക്കപ്പെടുന്നത്. മസ്‌ക്കറ്റിലെ ഇന്ത്യന്‍ എംബസിയുമായി സഹകരിച്ച് ഒമാന്‍ നേവി നടത്തിയ രക്ഷാപ്രവര്‍ത്തനത്തിലാണ് മറ്റ് 21 ഇന്ത്യന്‍ ജീവനക്കാരെ ആദ്യം രക്ഷപ്പെടുത്തിയത്.

തങ്ങളുടെ നിര്‍ദേശങ്ങള്‍ അംഗീകരിക്കാതെ ഇറാനില്‍ നിന്നും എണ്ണയുമായി വന്ന കപ്പിലിനെ ലക്ഷ്യമിട്ട് സൈന്യം ആക്രമണം നടത്തിയെന്ന് യുഎസ് പ്രതികരിച്ചിരുന്നു. പലാവു പതാക വഹിക്കുന്ന MT സെറ്റബെല്ലോ എന്ന കപ്പലിന് നേരായാണ് യുഎസ് ആക്രമണം ഉണ്ടായത്. കപ്പലിലെ ക്രൂ അംഗങ്ങളില്‍ 24 പേരും ഇന്ത്യക്കാരായിരുന്നു.

ടാങ്കറിന്റെ എഞ്ചിന്‍ റൂം ലക്ഷമിട്ടാണ് യുഎസ് ആക്രമണം നടത്തിയത്. ഇതോടെ കപ്പലില്‍ തീപടര്‍ന്നു. അമേരിക്കന്‍ സേന നിരന്തരമായി നിര്‍ദേശം നല്‍കിയിട്ടും അതിനനുസരിച്ച് പ്രതികരിക്കാത്തതാണ് ആക്രമണത്തിന് ഉത്തരവിടാന്‍ കാരണമെന്നാണ് യുഎസ് സൈന്യം സമര്‍ഥിക്കുന്നത്. പശ്ചിമേഷ്യയിലേക്ക് തിരിക്കുന്നതിന് മുമ്പ് ചൈനീസ് തുറമുഖത്താണ് കപ്പല്‍ നങ്കൂരമിട്ടത്.