ബംഗാളില്‍ ബലാത്സംഗക്കുറ്റം ആരോപിച്ച് ആള്‍ക്കൂട്ടം തല്ലിക്കൊന്ന യുവാവ് നിരപരാധിയെന്ന് പൊലീസ്
കൊല്‍ക്കത്ത: ബലാത്സംഗക്കുറ്റം ആരോപിച്ച് ആള്‍ക്കൂട്ടം തല്ലിക്കൊന്ന യുവാവ് നിരപരാധിയായിരുന്നുവെന്ന് പൊലീസ്. പശ്ചിമബംഗാളിലാണ് സംഭവം. കൊല്‍ക്കത്തയിലെ ബരുയിപ്പൂരില്‍ പതിനൊന്ന് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതില്‍ പങ്കുണ്ടെന്ന് ആരോപിച്ചാണ് ആള്‍ക്കൂട്ടം ഇന്ദ്രജിത്ത് മണ്ഡല്‍ എന്ന യുവാവിനെ മര്‍ദ്ദിച്ചുകൊന്നത്.
പശ്ചിമബംഗാള്‍ മുഖ്യമന്ത്രി സുവേന്ദു അധികാരി ഇന്ദ്രജിത്തിന്റെ കുടുംബത്തെ കണ്ട് നീതി ലഭ്യമാക്കുമെന്ന് ഉറപ്പുനല്‍കി. ‘ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇന്ദ്രജിത് മണ്ഡല്‍ നിരപരാധിയാണ്. എന്നോട് ഇക്കാര്യം പറഞ്ഞത് പൊലീസാണ്. അവന് നീതി ലഭ്യമാക്കും. ഇന്ദ്രജിത്തിന്റെ കുടുംബാംഗങ്ങളെ ഞാന്‍ കണ്ടിരുന്നു’: സുവേന്ദു അധികാരി പറഞ്ഞു. യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്തിയവര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തുമെന്നും അവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
പതിനൊന്നു വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രവാഷ് മണ്ഡല്‍, ആനന്ദ സര്‍ദാര്‍, ദിബാകര്‍ സര്‍ദാര്‍ എന്നിവരെയാണ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. മൂന്നുപേരും കുറ്റം സമ്മതിച്ചു. പൊലീസുകാരന്റെ തോക്ക് തട്ടിയെടുത്ത് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ഉണ്ടായ ഏറ്റുമുട്ടലില്‍ ഇന്നലെ രാത്രി പ്രവാഷ് മണ്ഡല്‍ കൊല്ലപ്പെട്ടു. നാലാം പ്രതി കബീര്‍ മൊല്ലയെ പൊലീസ് ഇന്നലെ തന്നെ പിടികൂടിയിരുന്നു.
