Latestകണ്ണൂര്‍

ഞാൻ കാശിക്കു പോകുന്നു’ ;കണ്ണൂർ പെരിങ്ങത്തൂരിൽ കത്തെഴുതിവച്ച് 17കാരൻ നാടുവിട്ടതായി പരാതി

കണ്ണൂർ :പ്ലസ് ടു വിദ്യാർത്ഥി കത്തെഴുതിവച്ച്‌ നാടുവിട്ടു.കണ്ണൂർ പെരിങ്ങത്തൂർ സ്വദേശിയായ ശിവസൂര്യ (17)യെയാണ് മൂന്നു ദിവസമായി കാണാതായത്.

‘ഞാൻ കാശിക്കു പോകുന്നു, ഇനിയുള്ള ജീവിതം അവിടെ ജീവിച്ച്‌ ദൈവത്തോട് അലിയും’ എന്നാണ് ശിവസൂര്യ വീട്ടില്‍ എഴുതി വച്ച കത്തില്‍ പറയുന്നത്.

വീട്ടില്‍ ആരുമില്ലാത്ത സമയത്താണ് വിദ്യാർത്ഥി ഇറങ്ങിപ്പോയത്. മൊബൈല്‍ ഗെയിം അമിതമായി കളിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ അച്ഛൻ ജിഗീഷ് ഫോണ്‍ കൈയില്‍ നിന്ന് വാങ്ങി വെച്ചിരുന്നു. ഇതില്‍ മനംനൊന്താണ് മകൻ വീടുവിട്ടതെന്ന് കുടുംബം പറയുന്നു.

മൂന്നു ദിവസം തിരഞ്ഞിട്ടും കണ്ടെത്താനാകാത്തതിനെ തുടർന്ന് ബന്ധുക്കള്‍ പെരിങ്ങത്തൂർ പൊലീസില്‍ പരാതി നല്‍കി.പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ശിവസൂര്യ കാശിയിലേക്ക് പോയതായി കത്തില്‍ പറയുന്നതിനാല്‍ കേരളത്തിന് പുറത്തേക്കും അന്വേഷണം വ്യാപിപ്പിക്കാനാണ് പൊലീസിന്റെ തീരുമാനം.

റെയില്‍വേ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലും പരിശോധന നടത്തുന്നുണ്ട്. വിവരമുള്ളവർ അടുത്തുള്ള പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെടണമെന്ന് പൊലീസ് അറിയിച്ചു.