എട്ട് മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിൽ ഒളിപ്പിച്ചു കടത്താൻ ശ്രമം; പിതാവ് പിടിയിൽ
കരിപ്പൂർ: വിമാനത്താവളങ്ങളിലെ പരിശോധന മറികടക്കാൻ എട്ട് മാസം മാത്രം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിൽ ഒളിപ്പിച്ച് കടത്തിയ സ്വർണ്ണം ഡിആർഐ പിടികൂടി. വിപണിയിൽ ഏകദേശം ഒരു കോടി രൂപ വിലമതിക്കുന്ന സ്വർണ്ണമാണ് കുഞ്ഞിന്റെ വസ്ത്രത്തിനുള്ളിൽ നിന്നും പിതാവിന്റെ ശരീരത്തിൽ നിന്നുമായി ഉദ്യോഗസ്ഥർ കണ്ടെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് മലപ്പുറം പൊന്നാനി സ്വദേശിയായ യാത്രക്കാരനെ കസ്റ്റഡിയിലെടുത്തു.
റാസൽഖൈമയിൽ നിന്ന് കരിപ്പൂർ വിമാനത്താവളത്തിൽ വിമാനമിറങ്ങിയതായിരുന്നു കുടുംബം. കുഞ്ഞുമായി എത്തുന്ന യാത്രക്കാരെ സാധാരണയായി കസ്റ്റംസ് അധികൃതർ വിശദമായ പരിശോധനകളിൽ നിന്ന് ഒഴിവാക്കാറുള്ള പഴുത് മുതലെടുത്താണ് സ്വർണ്ണക്കടത്ത് നടത്താൻ ശ്രമിച്ചത് രഹസ്യവിവരത്തിൻറെ അടിസ്ഥാനത്തിൽ വിമാനത്താവളത്തിൽ കാത്തുനിന്ന ഡിആർഐ സംഘം ഇയാളെ പിടികൂടുകയായിരുന്നു. പ്രാഥമിക ചോദ്യം ചെയ്യലിൽ കാര്യങ്ങൾ നിഷേധിച്ചെങ്കിലും വിശദമായ പരിശോധനയിൽ എട്ട് മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിനുള്ളിൽ ഒളിപ്പിച്ച നിലയിൽ സ്വർണ്ണം കണ്ടെത്തി. തുടർന്ന് കുട്ടിയുടെ പിതാവിനെ ദേഹപരിശോധനയ്ക്ക് വിധേയമാക്കിയപ്പോൾ ഇയാളുടെ ശരീരത്തിൽ മിശ്രിത രൂപത്തിൽ ഒട്ടിച്ചുചേർത്ത നിലയിലും വൻതോതിൽ സ്വർണ്ണം ഒളിപ്പിച്ചതായി വ്യക്തമായി.
