Latestകേരളം

സപ്ലൈകോ ഗിഫ്റ്റ്കാര്‍ഡുകളുടെ മറവില്‍ പഞ്ചസാര കൈമാറ്റം; ഏഴു ജീവനക്കാര്‍ക്ക് സസ്പെന്‍ഷന്‍

തിരുവനന്തപുരം: ഓണത്തോടനുബന്ധിച്ച് സപ്ലൈകോ പുറത്തിറക്കിയ ഗിഫ്റ്റ് കാര്‍ഡുകള്‍ ദുരുപയോഗം ചെയ്ത് സ്വകാര്യ കമ്പനിക്ക് പഞ്ചസാര കൈമാറിയ സംഭവത്തില്‍ ഏഴു ജീവനക്കാര്‍ക്കു കൂടി സസ്പെന്‍ഷന്‍. ഭക്ഷ്യമന്ത്രി അനൂപ് ജേക്കബിന്റെ നിര്‍ദ്ദേശപ്രകാരമാണു നടപടി.

സപ്ലൈകോ ഹെഡ് ഓഫീസിലെ ഡെപ്യൂട്ടി മാനേജര്‍ സജീവ് പോള്‍, അറക്കപ്പടി മാവേലി സ്റ്റോര്‍ ഔട്ട്ലെറ്റ് ഇന്‍ ചാര്‍ജ് അഞ്ജു വിജയന്‍, തുറവൂര്‍ മാവേലി സ്റ്റോര്‍ ഔട്ട്ലെറ്റ് ഇന്‍ ചാര്‍ജ് സന്ധ്യ എ എസ്, പാലിശ്ശേരി മാവേലി സ്റ്റോറിലെ ദിവ്യ എം ആര്‍, പോഞ്ഞാശ്ശേരി വില്‍പ്പനശാലയിലെ സൗമിനി എസ്, കറുകുറ്റി മാവേലി സ്റ്റോറിലെ മഞ്ജു ആന്റണി, ശ്രീമൂലനഗരം മാവേലി സ്റ്റോറിലെ ബേസില്‍ ചെറിയ എ എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത്.

സംഭവത്തില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ മന്ത്രി ആവശ്യപ്പെട്ടിരുന്നു. പെരുമ്പാവൂര്‍ ഡിപ്പോയില്‍ നിന്നാണ് സബ്സിഡിയിതര പഞ്ചസാര കൈമാറിയത്. പെരുമ്പാവൂര്‍ ഡിപ്പോയിലെ മാവേലി കസ്റ്റോഡിയന്‍ രജീഷ് രവീന്ദ്രനെ നേരത്തെ സസ്പെന്‍ഡ് ചെയ്തിരുന്നു.