പാകിസ്ഥാനിൽ മുസ്ലീം പള്ളിയിൽ സ്ഫോടനം; ഏഴുപേർ കൊല്ലപ്പെട്ടു
ഇസ്ലാമാബാദ്: പാകിസ്ഥാനിൽ വെള്ളിയാഴ്ച പ്രാർത്ഥനയ്ക്കിടെ മുസ്ലീം പള്ളിയിൽ സ്ഫോടനമെന്ന് റിപ്പോർട്ട്. ഏഴുപേർ കൊല്ലപ്പെടുകയും മുപ്പതിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഖൈബർ പക്തൂൺഖ്വ പ്രവിശ്യയിലെ കോഹത് ജില്ലയിലാണ് സംഭവം. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചതായും സ്ഫോടനം നടന്ന സ്ഥലത്തേക്കുള്ള റോഡുകൾ അടച്ചതായും പാകിസ്ഥാൻ മാധ്യമമായ ജിയോ ന്യൂസ് റിപ്പോർട്ട് ചെയ്തു. സ്ഫോടനത്തിൻ്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.
കോഹത് ജില്ലയിലെ ഓൾഡ് പൊലീസ് ലൈൻസിന് സമീപമാണ് സ്ഫോടനം ഉണ്ടായതെന്നാണ് രക്ഷാപ്രവർത്തക ഉദ്യോഗസ്ഥർ ആദ്യം അറിയിച്ചത്. എന്നാൽ പൊലീസ് ലൈൻസ് കോംപ്ലക്സിനുള്ളിലെ മുസ്ലീം പള്ളിയിലാണ് സ്ഫോടനം ഉണ്ടായതെന്ന് ഖൈബർ പക്തൂൺഖ്വ ഇൻസ്പെക്ടർ ജനറൽ സുൽഫിക്കർ ഹമീദ് പ്രസ്താവനയിൽ അറിയിച്ചു. സംഭവത്തിൽ കോഹത് റീജിയണൽ പൊലീസ് ഓഫീസറോട് റിപ്പോർട്ട് സമർപ്പിക്കാനും ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പാകിസ്ഥാൻ മാധ്യമമായ ഡോൺ ന്യൂസ് റിപ്പോർട്ട് ചെയ്തു. സ്ഫോടനത്തിന് പിന്നാലെ ഭീകരരുമായി വെടിവെപ്പ് ഉണ്ടായതായും പ്രസ്താവനയിലുണ്ട്.
