നിതിൻ രാജിന്റെ മരണം: പ്രിൻസിപ്പലിനെയും അധ്യാപികയെയും പ്രതി ചേർത്ത് ക്രൈംബ്രാഞ്ച്
കണ്ണൂർ : അഞ്ചരക്കണ്ടി ഡെന്റൽ കോളജ് വിദ്യാർഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ കോളജ് പ്രിൻസിപ്പൽ ഡോ. വിനോദ് മോണിയെയും അധ്യാപിക ഡോ. ലത ശശിധരനെയും ക്രൈംബ്രാഞ്ച് പ്രതി പട്ടികയിൽ ഉൾപ്പെടുത്തിയതായി റിപ്പോർട്ട്. നിതിന്റെ ഫോൺ വാങ്ങിവെച്ചത് ഇരുവരുമാണെന്നാണ് അന്വേഷണവുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ.
പ്രതിചേർത്തതിന് പിന്നാലെ ഇരുവരും തലശ്ശേരി ജില്ലാ സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയതായാണ് വിവരം.
ഏപ്രിൽ 10നാണ് അഞ്ചരക്കണ്ടി ഡെന്റൽ കോളജ് ക്യാമ്പസിൽ നിന്ന് വീണ് നിതിൻ രാജ് മരിച്ചത്. സംഭവത്തിന് പിന്നാലെ കേസ് അന്വേഷണം സംസ്ഥാന ക്രൈംബ്രാഞ്ചിന് കൈമാറിയിരുന്നു. ക്രൈംബ്രാഞ്ച് എസ്.പി കെ.വി. വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തിയത്.
കേസിൽ നേരത്തെ ഡോ. എം. റാം, കോളജിലെ അധ്യാപിക കെ.ടി. സംഗീത നമ്പ്യാർ എന്നിവരെ പ്രതി ചേർത്തിരുന്നു. ഡോ. എം. റാമിനെ ജൂലൈയിൽ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് കോടതി നടപടികൾക്ക് വിധേയനായി.
നിതിന്റെ മരണവുമായി ബന്ധപ്പെട്ട് കോളജിലെ അധ്യാപകരുടെ ഇടപെടൽ, ലോൺ ആപ്പ് സംബന്ധിച്ച വിഷയങ്ങൾ എന്നിവ ഉൾപ്പെടെ വിവിധ വശങ്ങളാണ് അന്വേഷണ സംഘം പരിശോധിക്കുന്നത്.
