സൂപര്‍ ലീഗ് കേരള മൂന്നാം സീസണിന് ഇന്നു തുടക്കം
കണ്ണൂര്‍: സൂപര്‍ ലീഗ് കേരള മൂന്നാം സീസണിന്ഇന്നു കണ്ണൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ തുടക്കമാകും. ഉദ്ഘാടന മല്‍സരത്തില്‍ നിലവിലെ ചാംപ്യന്‍മാരായ കണ്ണൂര്‍ വാരിയേഴ്‌സ് റണ്ണറപ്പുകളായ തൃശൂര്‍ മാജിക് എഫ്‌സിയെ നേരിടും. തൊട്ടടുത്ത ദിവസം 26ന് കോഴിക്കോട്ട് കോര്‍പറേഷന്‍ ഇഎംഎസ് സ്റ്റേഡിയത്തില്‍ കാലിക്കറ്റ് എഫ്സി തിരുവനന്തപുരം കൊമ്പന്‍സുമായും 27ന് കലൂര്‍ ജവാഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ ഫോഴ്സ കൊച്ചി മലപ്പുറം എഫ്സിയുമായും ഏറ്റുമുട്ടും.
മല്‍സരങ്ങളെല്ലാം രാത്രി ഏഴരയ്ക്കാണ്. ലീഗിന്റെ പുതിയ സംപ്രേഷണ പങ്കാളിത്തം, പുതിയ ട്രോഫി, മല്‍സരക്രമത്തിലെ മാറ്റങ്ങള്‍ എന്നിവയുടെ വിവരങ്ങള്‍ ലീഗ് അധികൃതര്‍ പുറത്തുവിട്ടു. യുണൈറ്റഡ് സ്പോര്‍ട്സ് ചാനലിലും സീ5 ആപ്പിലും മല്‍സരങ്ങള്‍ തത്സമയം സംപ്രേക്ഷണം ചെയ്യും. കേരളത്തിനു പുറത്തുള്ള പ്രേക്ഷകരെ ആകര്‍ഷിക്കുന്നതിനായി വ്യത്യസ്ത ഭാഷകളില്‍ കമന്ററി ലഭ്യമാക്കും. ഇത്തവണ മലയാളത്തിനും ഇംഗ്ലീഷിനും പുറമെ ബംഗാളി ഭാഷയിലും കമന്ററിയുണ്ടാകും.
