Latestകണ്ണൂര്‍

കണ്ണൂർ സെൻട്രൽ ജയിലിൽ ഉദ്യോഗസ്ഥന് തടവുകാരുടെ ക്രൂരമർദ്ദനം; മൂന്ന് പേർക്കെതിരെ കേസ്

കണ്ണൂർ: അതീവ സുരക്ഷാ മേഖലയായ കണ്ണൂർ സെൻട്രൽ ജയിലിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥനെ തടവുകാർ ക്രൂരമായി മർദ്ദിച്ചു. സംഭവത്തിൽ ജയിലിലെ അന്തേവാസികളായ മൂന്ന് തടവുകാർക്കെതിരെ കണ്ണൂർ ടൗൺ പൊലീസ് കേസെടുത്തു. തടവുകാരായ വിഷ്ണു, ആദർശ്, ബ്രഹ്മജിത്ത് എന്നിവർക്കെതിരെയാണ് ജയിൽ ഉദ്യോഗസ്ഥന്റെ പരാതിയിൽ കേസെടുത്തിട്ടുള്ളത്. ജയിൽ ഉദ്യോഗസ്ഥനായ സെയ്ദലി അജ്സലിനാണ് തടവുകാരുടെ മർദ്ദനമേറ്റത്. ജയിലർ നൽകിയ ഔദ്യോഗിക നിർദ്ദേശങ്ങൾ അനുസരിക്കാൻ തയാറാകാതിരുന്ന പ്രതികൾ ഉദ്യോഗസ്ഥനുമായി തർക്കത്തിലേർപ്പെടുകയും തുടർന്ന് അക്രമം അഴിച്ചുവിടുകയുമായിരുന്നു. സെയ്ദലിയെ കഴുത്തിന് കുത്തിപ്പിടിച്ച് ശ്വാസംമുട്ടിക്കുകയും നിലത്തുതള്ളിയിട്ട് ക്രൂരമായി ചവിട്ടുകയും മർദ്ദിക്കുകയും ചെയ്തെന്നാണ് എഫ്ഐആറിൽ വ്യക്തമാക്കുന്നത്.