Latestകേരളം

ഇ പി ജയരാജനെതിരായ ഫേസ്ബുക്ക് പോസ്റ്റ് തന്റേതല്ല; അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടെന്ന് ശ്യാംജിത്ത്

തിരുവനന്തപുരം: ശശിധരന്‍ കര്‍ത്തയില്‍ നിന്ന് ഇ പി ജയരാജന്റെ ഭാര്യ പണം വാങ്ങിയെന്ന ആരോപണമുന്നയിച്ചുകൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ചത് താനല്ലെന്ന വിശദീകരണവുമായി ശ്യാംജിത് ഇ പി. തന്റെ ഫേസ്ബുക്ക് ഹാക്ക് ചെയ്യപ്പെട്ടുവെന്നാണ് ശ്യാംജിത് പറയുന്നത്. ഇ പി ജയരാജനെതിരായ ഫേസ്ബുക്ക് പോസ്റ്റുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും ഫേസ്ബുക്ക് ഹാക്ക് ചെയ്യപ്പെട്ട സംഭവത്തില്‍ നിയമ നടപടി സ്വീകരിക്കുമെന്നും ശ്യാംജിത്ത് ഫേസ്ബുക്കിലൂടെ അറിയിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം

ഇന്ന് എന്റെ ഫേസ്ബുക്ക് പേജായ Shyamjith EP-യില്‍, എന്റെ പ്രിയപ്പെട്ട സഖാവ് ഇ പി ജയരാജനെയും അദ്ദേഹത്തിന്റെ ഭാര്യയെയും അവഹേളിക്കുന്ന രീതിയിലുള്ള ഒരു പോസ്റ്റ് പ്രസിദ്ധീകരിച്ചതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഞാന്‍ ഇപ്പോള്‍ ശബരിമലയില്‍ ആയതിനാല്‍ ഈ വിഷയവുമായി ബന്ധപ്പെട്ട് നിരവധി മാധ്യമപ്രവര്‍ത്തകര്‍ എന്നെ ഫോണില്‍ വിളിച്ച് അന്വേഷിക്കുന്നുണ്ട്.

എനിക്ക് വ്യക്തമായി പറയാനുള്ളത്, എന്റെ ഫേസ്ബുക്ക് പേജില്‍ വന്നിട്ടുള്ള പ്രസ്തുത പോസ്റ്റ് ഞാന്‍ മനഃപൂര്‍വം പ്രസിദ്ധീകരിച്ചതല്ല എന്നതാണ്. എന്റെ ഫേസ്ബുക്ക് അക്കൗണ്ട് ആരോ ഹാക്ക് ചെയ്ത് ദുരുപയോഗം ചെയ്തതാണെന്നാണ് ഞാന്‍ സംശയിക്കുന്നത്. പ്രസ്തുത പോസ്റ്റുമായി എനിക്ക് യാതൊരു ബന്ധവുമില്ലെന്ന് വ്യക്തമാക്കുന്നു.

ആയതിനാല്‍, എല്ലാ മാധ്യമപ്രവര്‍ത്തകരോടും പ്രത്യേകിച്ച് റിപ്പോര്‍ട്ടര്‍ ഉള്‍പ്പെടെയുള്ള മാധ്യമങ്ങളോടും അഭ്യര്‍ത്ഥിക്കാനുള്ളത്, ഇത്തരം വിഷയങ്ങള്‍ വാര്‍ത്തയാക്കുന്നതിന് മുമ്പ് എന്നെ നേരിട്ട് ബന്ധപ്പെട്ട് കാര്യങ്ങളുടെ സത്യാവസ്ഥ ഉറപ്പുവരുത്തണമെന്നാണ്. എന്റെ ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്ത് ദുരുപയോഗം ചെയ്ത സംഭവത്തില്‍ ആവശ്യമായ നിയമനടപടികള്‍ സ്വീകരിക്കുന്നതാണ്. ഈ വിഷയത്തില്‍ കൂടുതല്‍ വിശദാംശങ്ങള്‍ ഉടന്‍തന്നെ മാധ്യമങ്ങള്‍ക്കു മുന്നില്‍ നേരിട്ട് വിശദീകരിക്കുന്നതുമാണ്. എല്ലാവരും വസ്തുതകള്‍ മനസ്സിലാക്കി മാത്രം പ്രതികരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

ശശിധരന്‍ കര്‍ത്തയില്‍ നിന്ന് ഇ പി ജയരാജന്റെ ഭാര്യ പണം വാങ്ങിയെന്നായിരുന്നു നേരത്തെ ശ്യാജിത്തിന്റ അക്കൌണ്ടിൽ നിന്ന് പുറത്തുവന്ന പോസ്റ്റിൽ പറഞ്ഞിരുന്നത്. വൈദേകം റിസോര്‍ട്ടില്‍ ചെലവഴിച്ചത് ഈ പണമാണ്. ഇപി ജയരാജന്റെ കൈപ്പടയില്‍ എഴുതിയതെന്ന് അവകാശപ്പെട്ട് ഒരു നോട്ട്ബുക്കിന്റെ ചിത്രവും പോസ്റ്റിനൊപ്പം പങ്കുവെച്ചിരുന്നു. പ്രൈഡ് പ്രേംകുമാര്‍ 9 കോടി, ജീവന്‍ ജ്യോതി 50 ലക്ഷം, പ്രശാന്ത് 2 കോടി എന്നിങ്ങനെ ബ്ലാക്ക് മണിയായും വൈദേകം റിസോര്‍ട്ടില്‍ നിക്ഷേപിച്ചു എന്നും പോസ്റ്റിലുണ്ടായിരുന്നു. ഇതിലും കൂടുതല്‍ പേര്‍ പണം നല്‍കിയിട്ടുണ്ടെന്നും അടുത്തദിവസം അറിയിക്കുമെന്നും ഫേസ്ബുക്ക് കുറിപ്പില്‍ ഉണ്ടായിരുന്നു. താന്‍ വാര്‍ത്ത വന്നതിന് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിച്ചു. പിന്നാലെയാണ് തന്റെ പേജ് ഹാക്ക് ചെയ്തതെന്ന വിശദീകരണവുമായി ശ്യാംജിത് രംഗത്തെത്തിയത്.