Latestകേരളം

മീനങ്ങാടി ഹൈവേ കവർച്ച; കണ്ണൂർ സ്വദേശികളായ മൂന്ന് പേർ കൂടി അറസ്റ്റിൽ

മീനങ്ങാടി: ഹൈവേയിൽ കാർ തടഞ്ഞുനിർത്തി യാത്രക്കാരന്റെ മുഖത്ത് കുരുമുളക് സ്പ്രേ പ്രയോഗിച്ച് പണവും വാഹനവും കവർന്ന കേസിൽ കണ്ണൂർ സ്വദേശികളായ മൂന്ന് പേർ കൂടി അറസ്റ്റിൽ. മണത്തണ സ്വദേശി പി. പ്രണവ് (24), കെ. കനകരാജ് (28), ചൊക്ലി പെരിങ്ങളം സ്വദേശി നിഥുൽ കുമാർ (29) എന്നിവരാണ് പിടിയിലായത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി.

സെപ്റ്റംബർ 30ന് മീനങ്ങാടി എഫ്.സി.ഐ. ഗോഡൗണിന് സമീപമായിരുന്നു സംഭവം. ബെംഗളൂരുവിൽനിന്ന് കൊടുവള്ളിയിലേക്ക് യാത്ര ചെയ്യുകയായിരുന്ന യുവാവിന്റെ ഇന്നോവ കാർ തടഞ്ഞുനിർത്തി ഗ്ലാസുകൾ തകർത്തശേഷം വാഹനവും 21,000 രൂപയും കവർന്നതായാണ് കേസ്.

മുഴക്കുന്ന്, കൂത്തുപറമ്പ്, കരിപ്പൂർ ഉൾപ്പെടെയുള്ള പോലീസ് സ്റ്റേഷനുകളിൽ ചില പ്രതികൾക്കെതിരെ മറ്റു കേസുകളുണ്ടെന്ന് പോലീസ് അറിയിച്ചു. പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്.