Latestകേരളം

ക്ഷേമ പെന്‍ഷന്‍ വിതരണം ഇന്നു മുതല്‍; 1081 കോടി രൂപ അനുവദിച്ച് സർക്കാർ

തിരുവനന്തപുരം: ഈ മാസത്തെ ക്ഷേമ പെന്‍ഷന്‍ / ക്ഷേമ നിധി ബോര്‍ഡ് പെന്‍ഷന്‍ വിതരണം ഇന്ന് (തിങ്കളാഴ്ച) ആരംഭിക്കും. പെന്‍ഷന്‍ വിതരണം ഒക്ടോബര്‍ 26 മുതല്‍ ആരംഭിക്കുകയും നവംബര്‍ അഞ്ചിനകം പൂര്‍ത്തിയാക്കുകയും ചെയ്യും. ഇതിനായി 1081 കോടി രൂപ അനുവദിച്ചതായി സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. ക്ഷേമ പെന്‍ഷന്‍ നല്‍കാന്‍ 961.64 കോടി രൂപയാണ് അനുവദിച്ചത്.

ക്ഷേമനിധി ബോര്‍ഡ് പെന്‍ഷന് 119.47 കോടി രൂപയുമാണ് അനുവദിച്ചതെന്നും സര്‍ക്കാര്‍ അറിയിച്ചു. ധനകാര്യ (എസ്എഫ് സി-ബി) വകുപ്പ് പുറപ്പെടുവിച്ച രണ്ടു പ്രത്യേക ഉത്തരവുകളിലൂടെയാണ് തുക അനുവദിച്ചിട്ടുള്ളത്. സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ 52,09,617 ഗുണഭോക്താക്കള്‍ക്കായി 961.64 കോടി രൂപ അനുവദിച്ചു.

ക്ഷേമനിധി ബോര്‍ഡ് പെന്‍ഷന്‍ സര്‍ക്കാറിന്റെ ധനസഹായത്തോടെ പെന്‍ഷന്‍ നല്‍കുന്ന 16 ക്ഷേമനിധി ബോര്‍ഡുകളിലെ 6,05,415 ഗുണഭോക്താക്കള്‍ക്കായി 119.46 കോടി രൂപയാണ് അനുവദിച്ചത്. സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ ഗുണഭോക്താക്കളില്‍ 29,67,142 ആളുകള്‍ക്ക് ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് തുക എത്തും. ഇതിനായി 541,38,82,747 രൂപ അനുവദിച്ചു. 22,42,475 പേര്‍ക്ക് പ്രാഥമിക സഹകരണ സംഘങ്ങള്‍ വഴി വീടുകളില്‍ പണമായി തുക എത്തിച്ചു നല്‍കും.