Latestകണ്ണൂര്‍കേരളം

പയ്യന്നൂരിൽ എല്‍പിജി ടാങ്കറും സിമന്റ് ബള്‍ക്കറും കൂട്ടിയിടിച്ചു; ടാങ്കര്‍ ചായക്കടയിലേക്ക് ഇടിച്ചുകയറി

പയ്യന്നുർ :കണ്ടോത്ത് ദേശീയപാതയില്‍ എല്‍.പി.ജി ടാങ്കറും സിമൻറ് ബള്‍ക്കറും കൂട്ടിയിടിച്ച്‌ അപകടം.ബുധനാഴ്ച പുലർച്ചെയാണ് അപകടം. എല്‍.പി.ജി ടാങ്കറിന്റെ ഡ്രൈവർ വാഹനത്തിനുള്ളില്‍ കുടുങ്ങി. പയ്യന്നൂരില്‍ നിന്നെത്തിയ അഗ്നി രക്ഷാ സേന ഏറെ നേരം പണിയെടുത്താണ് ഡ്രൈവറെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചത്.

പയ്യന്നൂർ ഭാഗത്തുനിന്ന് കണ്ണൂർ ഭാഗത്തേക്ക് പോവുകയായിരുന്ന എല്‍.പി.ജി ടാങ്കറും മംഗലാപുരം ഭാഗത്തേക്ക് പോവുകയായിരുന്ന സിമൻറ് ബള്‍ക്കറുമാണ് കൂട്ടിയിടിച്ചത്. അപകടത്തെ തുടർന്ന് നിയന്ത്രണം വിട്ട എല്‍.പി.ജി ടാങ്കർ റോഡരികിലെ ചായക്കടയിലേക്ക് ഇടിച്ചുകയറുകയായിരുന്നു.വിവരമറിഞ്ഞ് പയ്യന്നൂർ ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷനില്‍ നിന്നും സ്റ്റേഷൻ ഓഫിസർ സി.പി.

രാജേഷിന്റെ നേതൃത്വത്തില്‍ എത്തിയ അഗ്നിരക്ഷാസേനാംഗങ്ങള്‍ രക്ഷാപ്രവർത്തനം നടത്തി ടാങ്കറില്‍ കുടുങ്ങിയ ഡ്രൈവറെ സുരക്ഷിതമായി പുറത്തെടുക്കുകയായിരുന്നു.അപകടത്തില്‍ നേരിയ പരിക്കേറ്റ സിമൻറ് ബള്‍ക്കറിലെ ഡ്രൈവറെയും ടാങ്കർ ഡ്രൈവറെയും ആംബുലൻസില്‍ ആശുപത്രിയിലെത്തിച്ചു. അപകടസമയത്ത് എല്‍.പി.ജി നിറച്ച ടാങ്കറായിരുന്നെങ്കിലും വാതകച്ചോർച്ച കണ്ടെത്തിയിട്ടില്ല. ഇത് വൻ ദുരന്തം വഴിമാറാൻ കാരണമായി.അപകടത്തെത്തുടർന്ന് കൂടുതല്‍ സുരക്ഷാ മുൻകരുതലുകള്‍ സ്വീകരിച്ചിട്ടുണ്ട്. ഐ.ഒ.സി അധികൃതർ സ്ഥലത്തെത്തിയ ശേഷം ക്രെയിൻ ഉപയോഗിച്ച്‌ ടാങ്കർ മാറ്റുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് അഗ്നി രക്ഷാ സേന അറിയിച്ചു.