തിരുവനന്തപുരത്ത് കാറിടിച്ച് പരിക്കേറ്റു ചികിത്സയിലായിരുന്ന സ്‌കൂട്ടർ യാത്രികരായ അമ്മയും കുഞ്ഞും മരിച്ചു.
തിരുവനന്തപുരം പൂന്തുറയില്‍ കാറിടിച്ച് പരിക്കേറ്റു ചികിത്സയിലായിരുന്ന സ്‌കൂട്ടർ യാത്രികരായ അമ്മയും കുഞ്ഞും മരിച്ചു.പൂന്തുറ ആലുകാട് ടി.സി.69/2179 കുന്നില്‍വീട്ടില്‍ അഞ്ജലി (24), ഒരുവയസ്സുള്ള മകൻ ആഷിക് എന്നിവരാണ് മരിച്ചത്.വെട്ടുകാട് പള്ളിയിലേക്ക് ഭർത്താവും മക്കളുമൊത്ത് പോകുന്നതിനിടെയായിരുന്നു അപകടം. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കേ അഞ്ജലി മരിച്ചു.
സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ആഷിക്കും പിന്നാലെ മരിച്ചു.നട്ടെല്ലിനു ഗുരുതരമായി പരിക്കേറ്റ അഞ്ജലിയുടെ ഭർത്താവ് പ്രശാന്ത് (26) ഇപ്പോഴും ചികിത്സയിലാണ്. നാലുവയസ്സുകാരി മകള്‍ കൃതികയ്ക്കു തലയ്ക്കു പരിക്കേറ്റെങ്കിലും രക്ഷപ്പെട്ടു.കഴിഞ്ഞ 13-ന് വൈകീട്ട് 6.30-ഓടെ ശംഖുംമുഖം ഓള്‍ സെയ്ന്റ്സ് റോഡില്‍ പഴയ ജി.വി.രാജാ സ്‌കൂളിനു സമീപമായിരുന്നു അപകടം.
ശംഖുംമുഖം ഭാഗത്തുനിന്ന് വെട്ടുകാട് പള്ളിയിലേക്കു പോകുന്നതിനിടെ റോഡ് മുറിച്ചുകടക്കുകയായിരുന്ന കുടുംബത്തിന്റെ സ്‌കൂട്ടറിനെ, ശംഖുംമുഖം എയർഫോഴ്സ് സ്റ്റേഷൻ ഭാഗത്തുനിന്ന് അമിതവേഗത്തില്‍ വന്ന തമിഴ്നാട് സ്വദേശിയുടെ കാർ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു എന്നാണ് വിവരം.ഇടിയുടെ ആഘാതത്തില്‍ സ്‌കൂട്ടറോടെ നാലുപേരും റോഡില്‍ തെറിച്ചുവീണു.
പിന്നിലിരുന്ന അഞ്ജലിയുടെ തലയ്ക്കും മുഖത്തുമായിരുന്നു ഗുരുതര പരിക്ക്. അപകടത്തിനിടയാക്കിയ കാർ നിർത്താതെപോയതായും റിപ്പോർട്ടുണ്ട്. വലിയതുറ പോലീസ് കേസെടുത്തു.
