Latestദേശീയം

കുല്‍ഗാമില്‍ ഭീകരരുമായി ഏറ്റുമുട്ടല്‍; ലഷ്‌കര്‍ നേതാവിനെ വധിച്ചു

കുൽഗാമിൽ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലിൽ ലഷ്‌കർ ഭീകരൻ ലത്തീഫ് ഭട്ട് കൊല്ലപ്പെട്ടു. സി.ആർ.പി.എഫ് ജവാന്മാർക്കു നേരെയുണ്ടായ ആക്രമണത്തിന് പിന്നിലെ പ്രധാനികളിലൊരാളാണ് ഇയാളെന്നാണ് സുരക്ഷാസേനയുടെ വിലയിരുത്തൽ. സംയുക്ത സേന നടത്തിയ മണിക്കൂറുകൾ നീണ്ട ഓപ്പറേഷനൊടുവിലാണ് ഭീകരനെ വധിച്ചത്.

പുലർച്ചെ നാലുമണിയോടെയാണ് പ്രദേശത്ത് ലത്തീഫ് ഭട്ടിന്റെ സാന്നിധ്യം സുരക്ഷാസേന തിരിച്ചറിഞ്ഞത്. തുടർന്ന് തുടങ്ങിയ ഏറ്റുമുട്ടലിനിടെ ഇയാൾ സമീപത്തെ മുസ്‌ലിം ആരാധനാലയത്തിൽ അഭയം തേടി. ഇവിടെനിന്ന് പുറത്തുവന്ന് കീഴടങ്ങാൻ സേന പലതവണ ആവശ്യപ്പെട്ടെങ്കിലും ഭീകരൻ തയ്യാറായില്ല. ആയുധം താഴെവെച്ച് കീഴടങ്ങാനുള്ള നിർദേശം നിരസിച്ചതോടെയാണ് സേന വെടിയുതിർത്തത്. കീഴടങ്ങാൻ ആവശ്യപ്പെടുന്നതിന്റെ ദൃശ്യങ്ങളും പിന്നീട് പുറത്തുവന്നു. ഏറ്റുമുട്ടലിൽ ആരാധനാലയത്തിന് കേടുപാടുകളൊന്നും സംഭവിച്ചിട്ടില്ലെന്ന് സുരക്ഷാസേന അറിയിച്ചു.

രണ്ട് ദിവസം മുമ്പ് കുൽഗാമിൽ സൈനികർക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിൽ മൂന്ന് ജവാന്മാർക്ക് പരുക്കേറ്റിരുന്നു. ഈ ആക്രമണത്തിന്റെ മുഖ്യ ആസൂത്രകരിൽ ഒരാളും നേരിട്ട് നേതൃത്വം നൽകിയതും ലത്തീഫ് ഭട്ടാണെന്നാണ് സേനയുടെ കണ്ടെത്തൽ. കഴിഞ്ഞ ദിവസം ഇയാളുടെ ഒരു കൂട്ടാളിയെയും സുരക്ഷാസേന വധിച്ചിരുന്നു. ആക്രമണത്തിന് സഹായം നൽകിയവരെ കണ്ടെത്താനുള്ള അന്വേഷണവും തുടരുകയാണ്.