Latestഗൾഫ്

ഇന്ധന പ്രതിസന്ധി, സര്‍വീസുകള്‍ വെട്ടിക്കുറയ്ക്കാൻ എയര്‍ ഇന്ത്യ

ആഗോളതലത്തിലെ ഇന്ധന പ്രതിസന്ധിയും വ്യോമാതിർത്തി നിയന്ത്രണങ്ങളും കണക്കിലെടുത്ത് വരും മാസങ്ങളില്‍ സർവീസുകള്‍ വെട്ടിക്കുറയ്ക്കാൻ എയർ ഇന്ത്യ തീരുമാനിച്ചു.ജൂണ്‍, ജൂലൈ മാസങ്ങളില്‍ വിമാനങ്ങളുടെ എണ്ണം കുറയ്ക്കാനാണ് കമ്പനിയുടെ തീരുമാനം. ടിക്കറ്റ് നിരക്ക് വർദ്ധിപ്പിച്ചതുകൊണ്ട് മാത്രം നിലവിലെ സാമ്പത്തിക വെല്ലുവിളികള്‍ പരിഹരിക്കാൻ കഴിയില്ലെന്നും, സർവീസുകള്‍ പുനഃക്രമീകരിക്കുകയല്ലാതെ മറ്റ് മാർഗമില്ലെന്നും എയർ ഇന്ത്യ സിഇഒയും മാനേജിംഗ് ഡയറക്ടറുമായ കാംബെല്‍ വില്‍സണ്‍ വ്യക്തമാക്കി. ഇതിനോടകം തന്നെ മെയ് മാസത്തില്‍ ചില സർവീസുകള്‍ വെട്ടിക്കുറച്ചിട്ടുണ്ട്.

പശ്ചിമേഷ്യയിലെ നിലവിലെ സംഘർഷാവസ്ഥ കാരണം പ്രധാന വ്യോമപാതകളില്‍ നിയന്ത്രണങ്ങള്‍ വന്നത് എയർ ഇന്ത്യയുടെ ദീർഘദൂര സർവീസുകളെ സാരമായി ബാധിച്ചിട്ടുണ്ട്. വിമാനങ്ങള്‍ വഴിതിരിച്ചുവിടേണ്ടി വരുന്നത് ഇന്ധന ഉപഭോഗം വർദ്ധിപ്പിക്കുകയും പ്രവർത്തനച്ചെലവ് കുത്തനെ ഉയർത്തുകയും ചെയ്തു. മിഡില്‍ ഈസ്റ്റിലെ സാഹചര്യങ്ങള്‍ ഉടൻ ശാന്തമാകുമെന്നും ഹോർമുസ് കടലിടുക്ക് ഉള്‍പ്പെടെയുള്ള നിർണ്ണായക റൂട്ടുകള്‍ വീണ്ടും തുറക്കുമെന്നുമാണ് പ്രതീക്ഷിക്കുന്നതെന്ന് കാംബെല്‍ വില്‍സണ്‍ പറഞ്ഞു. എങ്കിലും യാത്രക്കാരുടെ ബുദ്ധിമുട്ട് ഒഴിവാക്കാൻ മുൻകൂട്ടിയുള്ള ഷെഡ്യൂള്‍ മാറ്റങ്ങള്‍ അനിവാര്യമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു