അമ്മ ക്രൂരമായി ചവിട്ടി, പിതാവ് കുഞ്ഞിനെ ശക്തിയോടെ നിലത്തേക്ക് എറിഞ്ഞു; വഴക്കിനിടെ പിഞ്ചുകുഞ്ഞിനെ കൊന്നു;
ബെംഗളൂരു.പതിനൊന്ന് മാസം പ്രായമുള്ള സ്വന്തം മകളെ ക്രൂരമായി കൊലപ്പെടുത്തിയ ശേഷം, സംഭവം അപകടമാണെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ച മാതാപിതാക്കള്‍ പോലീസ് പിടിയില്‍.ബെംഗളൂരു അവലഹള്ളിക്ക് സമീപം കിതഗനൂരുവിലാണ് മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. ഷെക്കയപ്പ, വിജയലക്ഷ്മി എന്നിവരെയാണ് കൊലപാതകക്കുറ്റം ചുമത്തി പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ജൂണ്‍ ഒമ്പതിനായിരുന്നു ദാരുണമായ സംഭവം. കുഞ്ഞിനെ മുലയൂട്ടുന്നതിനിടെ ഭാര്യ ഉറങ്ങിപ്പോയെന്നും, ആ സമയം കുഞ്ഞ് കട്ടിലില്‍ നിന്ന് താഴെ വീണ് മരിക്കുകയായിരുന്നുവെന്നുമാണ് പിതാവ് ഷെക്കയപ്പ പോലീസിനോട് ആദ്യം പറഞ്ഞത്. പ്രാഥമികമായി അസ്വാഭാവിക മരണത്തിന് കേസെടുത്തെങ്കിലും, പിന്നീട് വന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ട് അന്വേഷണത്തില്‍ വഴിത്തിരിവായി.
സംഭവദിവസം ഉച്ചഭക്ഷണത്തിനായി വീട്ടിലെത്തിയ ഷെക്കയപ്പയും വിജയലക്ഷ്മിയും തമ്മില്‍ കടുത്ത വാക്കുതർക്കം ഉണ്ടായി. ഇതിനിടെ കരയാൻ തുടങ്ങിയ കുഞ്ഞിനെ അമ്മ വിജയലക്ഷ്മി ക്രൂരമായി ചവിട്ടുകയും, തുടർന്ന് പിതാവ് ഷെക്കയപ്പ കുഞ്ഞിനെ ശക്തിയോടെ നിലത്തേക്ക് എറിയുകയുമായിരുന്നു.ദമ്പതികള്‍ തമ്മില്‍ വഴക്ക് പതിവാണെന്നും, വിജയലക്ഷ്മിക്ക് മറ്റൊരു ബന്ധമുണ്ടായിരുന്നതിനാല്‍ കുഞ്ഞിനോട് ഇവർക്ക് ഒട്ടും വാത്സല്യമുണ്ടായിരുന്നില്ലെന്നും അയല്‍വാസികള്‍ മൊഴി നല്കി. ശാസ്ത്രീയ തെളിവുകളും സാക്ഷിമൊഴികളും നിരത്തി ഭാരതീയ ന്യായ സംഹിത (BNS) പ്രകാരമുള്ള കൊലപാതകക്കുറ്റം ചുമത്തിയാണ് ആവലഹള്ളി പോലീസ് ദമ്പതികളെ അറസ്റ്റ് ചെയ്തത്.
