‘കിയാൻ’ തട്ടുകടയ്ക്കരികില്‍ കണ്ടെത്തിയ കുഞ്ഞിനെ ശിശുക്ഷേമ സമിതി ഏറ്റെടുത്തു
കൊച്ചി കുണ്ടന്നൂരില്‍ വഴിയരികില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ പത്ത് ദിവസം പ്രായമുള്ള ആണ്‍കുഞ്ഞിനെ ശിശുക്ഷേമ സമിതി ഏറ്റെടുത്തു.അരൂർ-ഇടപ്പള്ളി ദേശീയപാതയില്‍ ഫോറം മാളിന് സമീപമുള്ള ഒരു തട്ടുകടയ്ക്ക് അടുത്താണ് കുഞ്ഞിനെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്.പൂർണ്ണ ആരോഗ്യവാനായ കുഞ്ഞിന് ‘കിയാൻ’ എന്നാണ് പേരിട്ടിരിക്കുന്നത്.
കഴിഞ്ഞ ഞായറാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് അമ്മ കുഞ്ഞിനെ ഉപേക്ഷിച്ചത്. ഇതിന് പിന്നാലെ കുഞ്ഞിന്റെ അമ്മയുടെ സുഹൃത്ത് തന്നെ സംഭവം പോലീസിനെ വിളിച്ച് അറിയിക്കുകയായിരുന്നു.
എറണാകുളത്ത് നിന്ന് വീട്ടിലേക്ക് മടങ്ങും വഴി ചായ കുടിക്കാൻ കയറിയപ്പോള്‍ കുഞ്ഞിന്റെ കരച്ചില്‍ കേട്ടെന്നും പരിശോധിച്ചപ്പോള്‍ തുണിയില്‍ പൊതിഞ്ഞ നിലയില്‍ കുഞ്ഞിനെ കണ്ടെന്നുമാണ് ഇയാള്‍ പോലീസ് കണ്‍ട്രോള്‍ റൂമില്‍ പറഞ്ഞത്. എന്നാല്‍, സംശയം തോന്നിയ പോലീസ് യുവാവിനെ വിശദമായി ചോദ്യം ചെയ്തതോടെയാണ് നാടകീയമായ വിവരങ്ങള്‍ പുറത്തുവന്നത്
