ഡെപ്യൂട്ടി സ്പീക്കർ തെരഞ്ഞെടുപ്പ് ഇന്ന്; ഷാനിമോളും മുഹ്സിനും മത്സരരംഗത്ത്
പതിനാറാം കേരള നിയമസഭയുടെ ഡെപ്യൂട്ടി സ്പീക്കർ തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. യു.ഡി.എഫ് മുന്നണിയിൽ നിന്ന് അരൂർ എം.എൽ.എ ഷാനിമോൾ ഉസ്മാനും എൽ.ഡി.എഫിൽ നിന്ന് പട്ടാമ്പി എം.എ.എ മുഹമ്മദ് മുഹ്സിനുമാണ് മത്സരരംഗത്തുള്ളത്. സഭയിൽ 102 അംഗങ്ങളുടെ വ്യക്തമായ ഭൂരിപക്ഷമുള്ളതിനാൽ ഭരണപക്ഷ സ്ഥാനാർഥിയായ ഷാനിമോൾ ഉസ്മാൻ ഡെപ്യൂട്ടി സ്പീക്കറായി തിരഞ്ഞെടുക്കപ്പെടാനാണ് സാധ്യത.
വോട്ടെടുപ്പ് നടപടികൾ പൂർത്തിയായ ശേഷം ഔദ്യോഗിക പ്രഖ്യാപനം ഇന്നുണ്ടാകും. തെരഞ്ഞെടുപ്പിൽ നിന്ന് ബി.ജെ.പി വിട്ട് നിൽക്കും.
അതേസമയം, ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള നന്ദിപ്രമേയ ചർച്ചയ്ക്കും സഭയിൽ ഇന്ന് തുടക്കമാകും. രാഷ്ട്രീയമായി ഏറെ പ്രാധാന്യമുള്ള സമകാലിക വിവാദങ്ങൾ ചർച്ചയിൽ ഉടനീളം ഉയർന്നുവരുമെന്നാണ് സൂചന. പിണറായി വിജയന്റെ വാടകവീട്ടിലെ ഇ.ഡി റെയ്ഡ്, വന്ദേമാതരം വിവാദം തുടങ്ങിയ വിഷയങ്ങൾ ഉന്നയിച്ച് സർക്കാരിനെ പ്രതിരോധത്തിലാക്കാനാകും പ്രതിപക്ഷത്തിന്റെ ശ്രമം.
നയപ്രഖ്യാപന പ്രസംഗത്തിൽ കേന്ദ്ര സർക്കാരിനെ വിമർശിക്കാതിരുന്ന സംസ്ഥാന സർക്കാർ, ആർ.എസ്.എസിന് മുന്നിൽ പൂർണമായി വഴിപ്പെട്ടു എന്ന ആരോപണമാകും പ്രതിപക്ഷം പ്രധാനമായും ഉയർത്തുക. എന്നാൽ തൃശൂർ പൂരം കലക്കൽ അടക്കമുള്ള വിഷയങ്ങൾ ഉയർത്തി പ്രതിപക്ഷ നീക്കങ്ങളെ പ്രതിരോധിക്കാനാണ് ഭരണപക്ഷത്തിന്റെ തീരുമാനം. മറ്റ് അടിയന്തര പ്രാധാന്യമുള്ള വിഷയങ്ങളും സഭയിൽ കൊണ്ടുവരാൻ പ്രതിപക്ഷം ആലോചിക്കുന്നുണ്ട്.
രാഷ്ട്രീയ മാറ്റങ്ങൾക്ക് ശേഷമുള്ള പുതിയ സഭാ സമ്മേളനത്തിൽ വലിയ വാദപ്രതിവാദങ്ങൾക്കാണ് ഇന്ന് തുടക്കമാകുന്നത്. നന്ദിപ്രമേയ ചർച്ചയിൽ മറ്റന്നാൾ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ സംസാരിക്കും. തുടർന്നുള്ള സഭാ ചർച്ചകൾക്കെല്ലാം മുഖ്യമന്ത്രി വി.ഡി സതീശനായിരിക്കും സഭയിൽ മറുപടി നൽകുക.
