കോഴിക്കോടും കണ്ണൂരും വേനൽമഴയ്ക്ക് സാധ്യത; ‘വിയർത്ത്’ തിരുവനന്തപുരം
സംസ്ഥാനത്ത് വേനല്‍ച്ചൂട് കടുക്കുന്നതിനിടെ തിരുവനന്തപുരം ജില്ലയില്‍ സർവകാല റെക്കോർഡ് ചൂട് രേഖപ്പെടുത്തി. കഴിഞ്ഞ ഞായറാഴ്ച 37.8 ഡിഗ്രി സെല്‍ഷ്യസ് ചൂടാണ് തലസ്ഥാനത്ത് അനുഭവപ്പെട്ടത്.1988 മാർച്ച് 16-ന് രേഖപ്പെടുത്തിയ 37.7 ഡിഗ്രി എന്ന 38 വർഷം പഴക്കമുള്ള റെക്കോർഡാണ് ഇതോടെ തകർന്നത്. തിങ്കളാഴ്ച ചൂട് നേരിയ തോതില്‍ കുറഞ്ഞെങ്കിലും ശരാശരിയേക്കാള്‍ ഉയർന്ന നിലയില്‍ തന്നെയാണ് തുടരുന്നത്. തിരുവനന്തപുരത്തിന് പുറമെ പുനലൂർ കോട്ടയം എന്നിവിടങ്ങളിലും ചൂട് ക്രമാതീതമായി ഉയർന്നുനില്‍ക്കുകയാണ്.
അതേസമയം, വേനല്‍മഴ പെയ്തതോടെ പാലക്കാട്, കോഴിക്കോട് ജില്ലകളില്‍ ചൂടിന് നേരിയ ശമനമുണ്ടായിട്ടുണ്ട്. വരും ദിവസങ്ങളില്‍ മഴ ശക്തമാകാൻ സാധ്യതയുള്ളതിനാല്‍ കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളില്‍ കാലാവസ്ഥാ വകുപ്പ് മഞ്ഞ മുന്നറിയിപ്പ് നല്‍കി. വടക്കൻ കേരളത്തില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുള്ളപ്പോള്‍ തെക്കൻ കേരളത്തിലെ മലയോര മേഖലകളിലും അങ്ങിങ്ങ് മഴ ലഭിച്ചേക്കും.
