റെക്കോര്‍ഡ് ചൂടില്‍ രാജ്യം വെന്തുരുകുന്നു. ഡല്‍ഹിയും ചണ്ഡീഗഢും ഉള്‍പ്പെടെ 46 ഡിഗ്രി കടന്ന് ഉഷ്ണതരംഗം. വരും ദിവസങ്ങളിലും കടുത്ത ജാഗ്രതാ നിര്‍ദ്ദേശം
ന്യൂഡല്‍ഹി: രാജ്യം കടുത്ത ഉഷ്ണതരംഗത്തിന്റെ പിടിയില്‍ അമരുമ്പോള്‍, ആഗോള താപനില റെക്കോർഡുകളെപ്പോലും അട്ടിമറിച്ച് ഇന്ത്യയില്‍ വൻ ലാവ പ്രവാഹം.ചൊവ്വാഴ്ച ഉച്ചയ്ക്ക് 2:30-ന് പുറത്തുവന്ന AQI.in-ന്റെ ലൈവ് താപനില റാങ്കിംഗ് പ്രകാരം ലോകത്തിലെ ഏറ്റവും ചൂടേറിയ ആദ്യത്തെ 100 നഗരങ്ങളും ഇന്ത്യയിലാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും മധ്യേന്ത്യയിലും കിഴക്കൻ മേഖലകളിലും പടർന്നുപിടിച്ച ഈ ഉഷ്ണതരംഗത്തിന്റെ തീവ്രത വ്യക്തമാക്കുന്നതാണ് ഈ പുതിയ ആഗോള റിപ്പോർട്ട്.
പട്ടികയില്‍ നൂറാം സ്ഥാനത്ത് നില്ക്കുന്ന നഗരത്തില്‍ പോലും 44°C ചൂടാണ് ഇന്ന് രേഖപ്പെടുത്തിയത്. വൻനഗരങ്ങളായ ന്യൂഡല്‍ഹി, ഫരീദാബാദ്, ചണ്ഡീഗഢ്, ജമ്മു, ആഗ്ര, അയോധ്യ, ഗ്വാളിയോർ, കോട്ട, റായ്പൂർ എന്നിവയെല്ലാം ഈ ഭീതിദമായ പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്.
ഉച്ചയോടുകൂടി ചണ്ഡീഗഢ്, ജമ്മു, ബതിന്ദ, പഠാൻകോട്ട്, ബറേലി, ഝാൻസി, കൈഥല്‍, ഹരിദ്വാർ എന്നീ നഗരങ്ങളെല്ലാം 46°C എന്ന കടുത്ത താപനിലയിലേക്ക് എത്തി. ഉത്തർപ്രദേശ്, ഹരിയാന, രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഢ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലെ പ്രധാന നഗരങ്ങളിലെല്ലാം 45°C ആണ് താപനില.
കിഴക്കൻ ഇന്ത്യയിലെ അസൻസോളും ദുർഗാപൂരും 45°C രേഖപ്പെടുത്തിയപ്പോള്‍ ധൻബാദില്‍ 44°C ചൂട് അനുഭവപ്പെട്ടു. രാജ്യതലസ്ഥാനമായ ന്യൂഡല്‍ഹി 44°C ചൂടുമായി ആഗോള പട്ടികയില്‍ 99-ാം സ്ഥാനത്താണ്.
വരും ദിവസങ്ങളിലും വടക്കുപടിഞ്ഞാറൻ, മധ്യ ഇന്ത്യയിലെ ഭൂരിഭാഗം പ്രദേശങ്ങളിലും ഉഷ്ണതരംഗം കടുക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ (IMD) മുന്നറിയിപ്പ്.
മെയ് 19 മുതല്‍ 24 വരെ പശ്ചിമ ഉത്തർപ്രദേശിലെ ചില മേഖലകളില്‍ ‘അതീവ ഗുരുതരമായ ഉഷ്ണതരംഗം’ (Severe Heatwave) ഉണ്ടാകുമെന്നും കിഴക്കൻ ഉത്തർപ്രദേശില്‍ മെയ് 20 വരെ കഠിനമായ ചൂട് തുടരുമെന്നും ഐ.എം.ഡി വ്യക്തമാക്കുന്നു.
രാജസ്ഥാൻ, പഞ്ചാബ്, ഹരിയാന, ഡല്‍ഹി, മധ്യപ്രദേശ്, വിദർഭ എന്നീ മേഖലകളില്‍ ഈ ആഴ്ചയിലുടനീളം ഉഷ്ണതരംഗ ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്.
