കണ്ണൂര്‍

ഭക്ഷ്യവിഷബാധ പരാതികൾ വ്യാപകം; കണ്ണൂരിൽ ഭക്ഷ്യസുരക്ഷാ പരിശോധന ശക്തമാക്കി

കണ്ണൂർ : ഭക്ഷ്യവിഷബാധയുമായി ബന്ധപ്പെട്ട പരാതികൾ വ്യാപകമായതിനെ തുടർന്ന് കണ്ണൂർ കോർപ്പറേഷനും ആരോഗ്യവകുപ്പും പരിശോധന ശക്തമാക്കി. കഴിഞ്ഞ ദിവസം കോക്ക്ടെയിൽ കഴിച്ചവർക്ക് ഭക്ഷ്യവിഷബാധയേറ്റെന്ന പരാതിയെ തുടർന്നാണ് നഗരത്തിലെ വിവിധ ഭക്ഷണശാലകളിൽ പരിശോധന നടത്തിയത്.

കോർപ്പറേഷൻ പരിധിയിലെ ജ്യൂസ് കടകൾ, ബേക്കറികൾ, ഹോട്ടലുകൾ എന്നിവിടങ്ങളിലാണ് പരിശോധന നടന്നത്. സ്ഥാപനങ്ങളിലെ ശുചിത്വം, ലൈസൻസും അനുബന്ധ രേഖകളും, ജീവനക്കാരുടെ വ്യക്തിശുചിത്വം എന്നിവ പ്രധാനമായും പരിശോധിച്ചു.

ന്യൂനതകൾ കണ്ടെത്തിയ സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. വരും ദിവസങ്ങളിലും കോർപ്പറേഷന്റെ വിവിധ ഭാഗങ്ങളിൽ പരിശോധന തുടരുമെന്ന് പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ ടി.പി. ജയമോഹൻ അറിയിച്ചു. ക്രമക്കേടുകൾ കണ്ടെത്തിയാൽ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസം അടച്ചുപൂട്ടിയ ജ്യൂസ് കടയിൽ നിന്ന് ശേഖരിച്ച സാമ്പിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. പരിശോധനാ ഫലം ലഭിക്കുന്നതനുസരിച്ച് തുടർനടപടി സ്വീകരിക്കുമെന്ന് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീജ മഠത്തിൽ പറഞ്ഞു.

പരിശോധനയിൽ ഹെൽത്ത് സൂപ്പർവൈസർ സജി രേഖ, സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ വി.കെ. സജില, ഹെൽത്ത് ഇൻസ്പെക്ടർ ലൂസി, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ സി. നവ്യ, നവ്യ എന്നിവർ പങ്കെടുത്തു.