Latestകണ്ണൂര്‍കേരളം

ഇരിട്ടി പാലത്തിന് മുകളില്‍ നിന്നും പുഴയിലേക്ക് ചാടിയ യുവതിയെ നാട്ടുകാരും ഇതര സംസ്ഥാന തൊഴിലാളിയും ചേർന്ന് രക്ഷപ്പെടുത്തി

കണ്ണൂർ : ഇരിട്ടി പാലത്തിന് മുകളില്‍ നിന്നും പുഴയിലേക്ക് ചാടിയ യുവതിയെ നാട്ടുകാരും ഇതര സംസ്ഥാന തൊഴിലാളിയും ചേർന്ന് അത്ഭുതകരമായി രക്ഷപ്പെടുത്തി.പാലത്തിന് മുകളില്‍ നിന്നും യുവതി പുഴയിലേക്ക് ചാടുന്നത് ഇതുവഴി വന്ന ഒരു ലോറി ഡ്രൈവറാണ് ആദ്യം കണ്ടത്. അപകടം തിരിച്ചറിഞ്ഞ ഉടൻ തന്നെ ഇദ്ദേഹം ബഹളം വെക്കുകയും ആളുകളെ കൂട്ടിവിളിക്കുകയുമായിരുന്നു. ലോറി ഡ്രൈവറുടെ വിളി കേട്ട്, സമീപത്ത് നിർമ്മാണ പ്രവൃത്തികളില്‍ ഏർപ്പെട്ടിരുന്ന ഇതര സംസ്ഥാന തൊഴിലാളിയായ ഒരു യുവാവ് ഒട്ടും മടിക്കാതെ പുഴയിലേക്ക് എടുത്തുചാടി.

യുവതിയെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടയില്‍ ശക്തമായ ഒഴുക്കില്‍പ്പെട്ട് ഇതര സംസ്ഥാന തൊഴിലാളി അവശതയിലായി. ഈ സമയം പാലത്തിന് മുകളിലൂടെ പോവുകയായിരുന്ന ഒരു നാട്ടുകാരനും സാഹസികമായി പുഴയിലേക്ക് ചാടുകയായിരുന്നു. ഇരുവരും ചേർന്ന് യുവതിയെ സുരക്ഷിതമായി കരയ്‌ക്കെത്തിക്കാൻ ശ്രമിക്കുന്നതിനിടയില്‍ പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി.

തുടർന്ന് ഫയർഫോഴ്സിന്റെയും പോലീസിന്റെയും സഹായത്തോടെ യുവതിയെയും, രക്ഷാപ്രവർത്തനത്തിനിടയില്‍ അവശനായ ഇതര സംസ്ഥാന തൊഴിലാളിയെയും ഉടൻ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്വന്തം ജീവൻ പണയപ്പെടുത്തിയും രക്ഷാപ്രവർത്തനത്തിന് മുന്നിട്ടിറങ്ങിയ ലോറി ഡ്രൈവർ, ഇതര സംസ്ഥാന തൊഴിലാളിയെയും നാട്ടുകാരന്റെയും ധീരതയെ നാട്ടുകാരും പോലീസും അഭിനന്ദിച്ചു.