Latestകണ്ണൂര്‍

ആഭ്യന്തര വിമാന സർവീസ് ഉപയോഗിച്ചുള്ള ആദ്യ അവയവദാനം; കണ്ണൂരിൽ സ്കൂൾ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ച വിദ്യാർത്ഥിനിയുടെ അവയവം തിരുവനന്തപുരത്തെത്തിക്കും

തിരുവനന്തപുരം: കണ്ണൂർ പയ്യാവൂരിൽ സ്കൂൾ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ച 17കാരിയുടെ അവയവം ദാനം ചെയ്യും. കണ്ണൂർ പയ്യാവൂർ സ്വദേശിനിയായ അയോന മോൺസണിന്റെ വൃക്കയാണ് ദാനം ചെയ്യുന്നത്. വിമാന മാർഗം വൃക്ക തിരുവനന്തപുരത്തേക്ക് കൊണ്ടുവരും. വിമാനത്താവളത്തിൽ നിന്ന് ഗ്രീൻ കോറിഡോർ ഒരുക്കിയാണ് അവയവം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിക്കുക. 10.55ന് വിമാനമെത്തും. ആഭ്യന്തര വിമാന സർവീസ് ഉപയോഗിച്ചുള്ള ആദ്യ അവയവദാനമാണിത്.

കഴിഞ്ഞ തിങ്കളാഴ്ച രാവിലെ എട്ടരയോടെയാണ് സ്‌കൂള്‍ കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്ന് വിദ്യാർത്ഥിനി താഴേയ്ക്ക് ചാടിയത്. പ്ളസ് ടു സയൻസ് സ്‌ട്രീം വിദ്യാർത്ഥിനിയാണ്. ലാബ് പരീക്ഷയടക്കം നടക്കാനിരിക്കെയായിരുന്നു സംഭവം. കുടുംബത്തിലെ ചില പ്രശ്നങ്ങള്‍ കുട്ടിയെ അലട്ടിയിരുന്നതായി വിവരമുണ്ട്. അയോനയുടെ അമ്മ വിദേശത്തേയ്ക്ക് പോകാനിരിക്കുകയായിരുന്നുവെന്നും ഇക്കാരണത്താലടക്കം വിദ്യാർത്ഥിനി വിഷാദത്തിലായിരുന്നുവെന്നുമാണ് പൊലീസ് നല്‍കുന്ന വിവരം. രാവിലെ സ്‌കൂളിലെത്തിയ കുട്ടി ക്ളാസ് മുറിയില്‍ നിന്നിറങ്ങിയതിനുശേഷം കെട്ടിടത്തിന് മുകളിലേയ്ക്ക് പോയി ജീവനൊടുക്കാൻ ശ്രമിക്കുകയായിരുന്നു.