കര്‍ണാടകയില്‍ സിപ്‌ലൈൻ റൈഡിനിടെ 40 അടി താഴേയ്ക്ക് വീണ് വിനോദസഞ്ചാരിക്ക് ഗുരുതര പരുക്ക്
സി പ്‌ലൈൻ റൈഡിനിടെ സുരക്ഷാ സംവിധാനം തകർന്ന് 40 അടി താഴേയ്ക്ക് വീണ് വിനോദസഞ്ചാരിക്ക് ഗുരുതര പരുക്ക്. കർണാടകയിലെ വിനോദസഞ്ചാര കേന്ദ്രമായ ദണ്ഡേലിയിലെ റിസോർട്ടില്‍ ആണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്.വിജയാപുര സ്വദേശിയായ കുബേർ സുർപൂർ എന്ന യുവാവിനാണ് അപകടം സംഭവിച്ചത്.
സിപ്‌ലൈൻ റൈഡ് നടുവിലെത്തിയപ്പോള്‍ സുരക്ഷാ ലോക്ക് വേർപെടുകയായിരുന്നു. താഴേയ്ക്ക് വീണത്തിന്റെ ആഘാതത്തില്‍ യുവാവിന്റെ കൈകാലുകള്‍ക്ക് ഒടിയുകയും ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തു. സംഭവത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഇവ സാഹസിക ടൂറിസം കേന്ദ്രങ്ങളിലെ സുരക്ഷാ മാനദണ്ഡങ്ങളെക്കുറിച്ച് പുതിയ ചോദ്യങ്ങള്‍ ഉയർന്നുവരുന്നു.റിസോർട്ട് മാനേജ്മെന്റിന്റെ അശ്രദ്ധയാണ് ഇതിന് കാരണമെന്ന് ആണ് യുവാവിന്റെ കുടുംബത്തിന്റെ ആരോപണം. റൈഡിനായി ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ തുരുമ്പിച്ചതായും ശരിയായി പരിപാലിക്കുന്നില്ലെന്നും അവർ ആരോപിച്ചു.
അപകടത്തിന് പിന്നാലെ കുബേറിനെ ആദ്യം ദണ്ഡേലി സർക്കാർ ആശുപത്രിയിലേക്കും പിന്നീട് വിജയപുരയിലെ ആശുപത്രിയിലേക്കും മാറ്റിയിരുന്നു. പിന്നീട് കൂടുതല്‍ വൈദ്യസഹായത്തിനായി മിരാജിലേക്ക് കൊണ്ടുപോയി.ശരിയായ അറ്റകുറ്റപ്പണികളും സുരക്ഷാ പരിശോധനകളും ഉണ്ടായിരുന്നെങ്കില്‍ അപകടം ഒഴിവാക്കാമായിരുന്നുവെന്നും റിസോർട്ട് ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും അദ്ദേഹത്തിന്റെ കുടുംബം ആവശ്യപ്പെട്ടു. ഈ സംഭവം ഓണ്‍ലൈനില്‍ വ്യാപകമായ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്. ഭാവിയില്‍ സമാനമായ അപകടങ്ങള്‍ തടയുന്നതിന് സാഹസിക കായിക സൗകര്യങ്ങളില്‍ കർശന പരിശോധനകള്‍ നടത്തണമെന്നും ഉപകരണങ്ങളുടെ പതിവ് അറ്റകുറ്റപ്പണികള്‍ നടത്തണമെന്നും പലരും ആവശ്യപ്പെട്ടു.
