ട്രെയിനിൽ യാത്രക്കാരന്റെ മൊബൈൽ ഫോൺ തട്ടിയെടുത്ത് ഓടി രക്ഷപ്പെടാൻ ശ്രമിച്ച മോഷ്ടാവ് കണ്ണൂരിൽ പിടിയിൽ
കണ്ണൂർ: കോഴിക്കോട്-മംഗലാപുരം ട്രെയിനിൽ യാത്രക്കാരന്റെ മൊബൈൽ ഫോൺ തട്ടിയെടുത്ത് ഓടി രക്ഷപ്പെടാൻ ശ്രമിച്ച കുപ്രസിദ്ധ മോഷ്ടാവ് കണ്ണൂർ റെയിൽവേ പൊലീസിന്റെ പിടിയിലായി. മാടായി സ്വദേശിയായ വിജു (37) ആണ് അറസ്റ്റിലായത്.
കണ്ണൂർ റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമും പരിസരവും കേന്ദ്രീകരിച്ച് സ്ഥിരമായി മോഷണം നടത്തുന്നയാളാണ് പിടിയിലായ വിജു എന്ന് പൊലീസ് അറിയിച്ചു. ഇന്നലെ വൈകീട്ട് അഞ്ച് മണിയോടെയായിരുന്നു സംഭവം.
കോഴിക്കോട്ടുനിന്ന് മംഗലാപുരത്തേക്ക് പോവുകയായിരുന്ന ട്രെയിനിൽ കണ്ണൂരിൽ നിന്ന് കയറിയ കാസർകോട് സ്വദേശിയായ മധ്യവയസ്കന്റെ ഫോണാണ് വിജു തട്ടിയെടുത്തത്. യാത്രക്കാരൻ ഒരു കൂട്ടിലാക്കി സീറ്റിൽ വെച്ചിരുന്ന ഫോൺ കണ്ണൂരിൽ നിന്ന് തന്നെ ട്രെയിനിൽ കയറിയ വിജുവിന്റെ ശ്രദ്ധയിൽ പെട്ടു. ട്രെയിൻ സ്റ്റേഷനിൽ നിന്നും പുറപ്പെടാൻ തുടങ്ങിയതോടെ ഒട്ടും സമയം കളയാതെ വിജു ഈ കവറുമെടുത്ത് പുറത്തേക്ക് ചാടി ഓടുകയായിരുന്നു.
ഫോൺ നഷ്ടപ്പെട്ട ഉടൻ തന്നെ യാത്രക്കാരൻ റെയിൽവേ കൺട്രോൾ റൂമിലും റെയിൽവേ പൊലീസിലും പരാതി നൽകി. തുടർന്ന് പൊലീസ് നടത്തിയ അതിവേഗ നീക്കങ്ങളാണ് പ്രതിയെ കുടുക്കിയത്.
സൈബർ സെല്ലിന്റെ സഹായത്തോടെ കാണാതായ ഫോണിന്റെ ലൊക്കേഷൻ പരിശോധിച്ചപ്പോൾ അത് റെയിൽവേ സ്റ്റേഷൻ പരിസരത്ത് തന്നെയാണെന്ന് വ്യക്തമായി. മോഷ്ടാവ് കറുത്ത ടീ ഷർട്ടാണ് ധരിച്ചിരുന്നതെന്ന യാത്രക്കാരന്റെ മൊഴി കൂടി ലഭിച്ചതോടെ പൊലീസിന് പ്രതിയെ തിരിച്ചറിയാൻ എളുപ്പമായി. തുടർന്ന് നടത്തിയ തിരച്ചിലിൽ രാത്രി ഏഴരയോടെ റെയിൽവേ സ്റ്റേഷൻ പരിസരത്ത് വെച്ച് തന്നെ വിജു പൊലീസ് പിടിയിലായി.
