ഉയർന്ന താപനില; മുന്നറിയിപ്പ്
വേനല്‍ച്ചൂട് കഠിനമാകുന്ന സാഹചര്യത്തില്‍ വിവിധ ജില്ലകളില്‍ ഉയർന്ന താപനില മുന്നറിയിപ്പ് പുറപ്പെടുവിച്ചു.ഇന്ന് (02/04/2026) ഉച്ചയ്ക്ക് രണ്ട് മണിക്ക് കേന്ദ്ര കാലാവസ്ഥാ വകുപ്പ് നല്‍കിയ വിവരങ്ങള്‍ പ്രകാരം കൊല്ലം, പാലക്കാട് ജില്ലകളില്‍ താപനില 38°C വരെ ഉയരാൻ സാധ്യതയുണ്ട്.
കോട്ടയം, എറണാകുളം, തൃശൂർ ജില്ലകളില്‍ 37°C വരെയും പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ 36°C വരെയും ചൂട് വർദ്ധിക്കുമെന്നാണ് പ്രവചനം. ഈ ജില്ലകളില്‍ സാധാരണ ലഭിക്കേണ്ടതിനേക്കാള്‍ 2°C മുതല്‍ 3°C വരെ താപനില ഉയരാൻ സാധ്യതയുള്ളതിനാലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.ഉയർന്ന താപനിലയോടൊപ്പം അന്തരീക്ഷത്തില്‍ ഈർപ്പമുള്ള വായു കൂടി കലരുന്നതിനാല്‍ മലയോര മേഖലകള്‍ ഒഴികെയുള്ള പ്രദേശങ്ങളില്‍ ഇന്ന് ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥ അനുഭവപ്പെടാൻ സാധ്യതയുണ്ട്.
നേരിട്ട് വെയില്‍ ഏല്‍ക്കുന്നത് ഒഴിവാക്കണമെന്നും നിർജ്ജലീകരണം തടയാൻ ധാരാളം വെള്ളം കുടിക്കണമെന്നും അധികൃതർ നിർദ്ദേശിക്കുന്നു. സാധാരണ ജനജീവിതത്തെ ബാധിക്കുന്ന തരത്തിലുള്ള ഉഷ്ണതരംഗ സാഹചര്യങ്ങള്‍ ഒഴിവാക്കാൻ ആവശ്യമായ മുൻകരുതലുകള്‍ സ്വീകരിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റിയും വ്യക്തമാക്കിയിട്ടുണ്ട്.
