സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം റെക്കോർഡിലേക്ക്
കണ്ണൂർ: സംസ്ഥാനത്ത് കനത്ത ചൂടും പാചകവാതക ക്ഷാമവും തുടരുന്നതിനിടെ വൈദ്യുതി ഉപയോഗം റെക്കോർഡ് നിലയിലേക്ക് ഉയരുന്നു. കഴിഞ്ഞ ഒരാഴ്ചയായി വൈകുന്നേരങ്ങളിലെ പീക്ക് ടൈം വൈദ്യുതി ഉപയോഗം തുടർച്ചയായി 5000 മെഗാവാട്ട് കടന്നതായി അധികൃതർ അറിയിച്ചു. മാർച്ച് 12-ന് ഉപഭോഗം 5352 മെഗാവാട്ട് വരെ ഉയർന്നിരുന്നു.
ചൂട് കനത്തതോടെ എസി, ഫാൻ എന്നിവയുടെ ഉപയോഗം വർധിച്ചതും, പാചകവാതക ക്ഷാമത്തെ തുടർന്ന് ഇൻഡക്ഷൻ കുക്കറുകളെ കൂടുതൽ ആശ്രയിക്കുന്നതുമാണ് ഉപഭോഗം പെട്ടെന്ന് ഉയരാൻ കാരണമായതെന്നാണ് വിലയിരുത്തൽ.
ഇപ്പോഴത്തെ പ്രവണത തുടരുകയാണെങ്കിൽ ഈ വർഷം വൈദ്യുതി ആവശ്യകത 5700 മെഗാവാട്ട് കവിയാനിടയുണ്ടാകും. സംസ്ഥാനത്തിന്റെ പരമാവധി ലൈൻ ശേഷി 5800 മെഗാവാട്ട് മാത്രമായതിനാൽ ആവശ്യകത കൂടിയാൽ ലോഡ്ഷെഡിംഗ് പോലുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ട സാഹചര്യം ഉണ്ടാകാമെന്ന് വൈദ്യുതി വകുപ്പ് മുന്നറിയിപ്പ് നൽകി.
