‘ചോദ്യം ചോദിച്ചയാളോട്’ വീട്ടില്‍ പോയി ചോദിച്ചാല്‍ മതിയെന്ന് മറുപടി നല്കി മുഖ്യമന്ത്രി
പത്തനംതിട്ട: പ്രസംഗിക്കുന്നതിനിടെ ചോദ്യം ചോദിച്ചയാളോട് വീട്ടില്‍ പോയി ചോദിച്ചാല്‍ മതിയെന്ന് മറുപടി നല്കി മുഖ്യമന്ത്രി പിണറായി വിജയൻ.ഇന്നലെ പത്തനംതിട്ട കോന്നിയിലാണ് സംഭവം. എല്‍ഡിഎഫ് സ്ഥാനാർഥി കെ.യു ജനീഷ് കുമാറിന്റെ തെരഞ്ഞെടുപ്പ് കണ്വെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്തിന്റെ വികസനത്തെ കുറിച്ച് സംസാരിക്കുന്നതിനിടെയായിരുന്നു സദസില്‍ നിന്ന് ഒരാള്‍ തനിക്കൊരു ചോദ്യമുണ്ടെന്ന് വിളിച്ചുപറഞ്ഞത്. അത് വീട്ടില്‍ പോയി ചോദിച്ചാല്‍ മതിയെന്ന് മുഖ്യമന്ത്രി കർശനമായ ഭാഷയില്‍ മറുപടി നല്കി.തുടര്‍ന്ന് അദ്ദേഹം പ്രസംഗം തുടരുകയും ചെയ്തിരുന്നു.
സംഭവത്തിന്റെ വിഡിയോ പുറത്ത് വന്നതോടെ സോഷ്യല്‍മീഡിയയിലും പ്രസംഗം ചർച്ചയായിട്ടുണ്ട്. നേരത്തെ അമ്പലപ്പുഴയിലെ സ്വതന്ത്ര സ്ഥാനാർഥി ജി.സുധാകരന്റെ നിലപാടിനെ ‘ചെറ്റത്തരം’ എന്ന് മുഖ്യമന്ത്രി വിശേഷിപ്പിച്ചിരുന്നു.ഇതിനെതിരെ രൂക്ഷമായി പ്രതികരിച്ച് ജി.സുധാകരനും രംഗത്തെത്തിയിരുന്നു.
