Latestകേരളം

മോഷണ ശ്രമം ചോദ്യംചെയ്തു, തെരുവില്‍ ഉറങ്ങിക്കിടന്നയാളെ തീകൊളുത്തി കൊല്ലാൻ ശ്രമം

തെരുവില്‍ ഉറങ്ങിക്കിടന്നയാളെ പെട്രോളൊഴിച്ച്‌ തീക്കൊളുത്തി കൊലപ്പെടുത്താൻ ശ്രമം. പിറവം സ്വദേശിയായ ജോസഫിനെ (58) ആണ് കൊല്ലാൻ ശ്രമിച്ചത്.കൊലപാതകശ്രമം നടത്തിയ കൊച്ചി സ്വദേശി ആന്റപ്പനെ (62) പൊലീസ് അറസ്റ്റ് ചെയ്തു. ഇന്ന് പുലർച്ചെ 12.50ഓടെ കൊച്ചി കടവന്ത്ര സഹോദരൻ അയ്യപ്പൻ റോഡിന് സമീപത്തായിരുന്നു സംഭവം. മോഷണം ചോദ്യം ചെയ്തതാണ് കൊലപാതക ശ്രമത്തില്‍ കലാശിച്ചത്.

തെരുവില്‍ കിടന്നുറങ്ങാറുള്ളവരാണ് ജോസഫും പ്രതിയായ ആന്റപ്പനും. സംഭവം നടന്ന രാത്രി ഇരുവരും ഒരേ സ്ഥലത്താണ് കിടന്നുറങ്ങിയിരുന്നത്. രാത്രിയില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന ജോസഫിന്റെ പോക്കറ്റില്‍ നിന്ന് പണം മോഷ്ടിക്കാൻ ആന്റപ്പൻ ശ്രമിച്ചു. ഇത് ജോസഫ് ചോദ്യം ചെയ്തതോടെ ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായി. തർക്കത്തെ തുടർന്ന് സ്ഥലത്തുനിന്ന് പോയ ആന്റപ്പൻ ഉടൻ തന്നെ കന്നാസില്‍ പെട്രോളുമായി തിരിച്ചെത്തി. ഉറങ്ങിക്കിടന്ന ജോസഫിന്റെ ദേഹത്തേക്ക് പെട്രോള്‍ ഒഴിക്കുകയും തുടർന്ന് തീ കൊളുത്തുകയുമായിരുന്നു.

തീ ആളിപ്പടർന്നതിനെ തുടർന്ന് നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് തീ കെടുത്തി ജോസഫിനെ ആശുപത്രിയിലെത്തിച്ചത്. ഗുരുതരമായി പൊള്ളലേറ്റ ജോസഫ് എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. കൃത്യം നടത്തിയ ശേഷം സ്ഥലത്തുനിന്ന് രക്ഷപ്പെട്ട ആന്റപ്പനെ കടവന്ത്ര പൊലീസ് മണിക്കൂറുകള്‍ക്കകമാണ് പിടികൂടിയത്. ആന്റപ്പനെതിരെ കൊലപാതക ശ്രമത്തിന് പൊലീസ് കേസെടുത്തു.