ബംഗാളിൽ ആൾക്കൂട്ട മർദ്ദനത്തില്‍ മലയാളി കൊല്ലപ്പെട്ട സംഭവം; പ്രായപൂർത്തിയാകാത്ത 2പേർ ഉൾപ്പെടെ 7 പേർ പിടിയിൽ

കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ ദക്ഷിണ പർഗാനാസ് ജില്ലയിലെ കുല്‍താലിയില്‍ മലയാളിയെ മോഷ്ടാവെന്ന് സംശയിച്ച മര്‍ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ 7പേര് പൊലീസില്‍ പിടിയില്‍. സംഭവത്തില്‍ അഞ്ച് പേരുടെ അറസ്റ്റ് രേഖപ്പെടുത്തുകയും പ്രായപൂര്‍ത്തിയാകാത്ത രണ്ട് പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. മുപ്പത് വയസ് പ്രായമുള്ള യുവാവാണ് മരിച്ചത്. മോഷ്ടാവാണെന്ന് കരുതി കെട്ടിയിട്ട് മർദിക്കുകയായിരുന്നു. ഇയാളുടെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.
പ്രഥമദൃഷ്ട്യാ മോഷ്ടാവാണെന്ന് തെറ്റിദ്ധരിച്ചാണ് ഗ്രാമവാസികള്‍ ഇയാളെ മര്‍ദിച്ചത്. എന്നാല്‍ ചില ഗ്രാമീണര്‍ പറയുന്നത് ഇയാള്‍ ഒരു ഗര്‍ഭിണിയെ ഉപദ്രവിക്കാന്‍ ശ്രമിച്ചുവെന്നാണ്. ഇക്കാര്യത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് ഉദ്യോഗസ്ഥന് വ്യക്തമാക്കി.
ജൂണ്‍ 9നായിരുന്നു സംഭവം. കുല്‍താലിയിലെ സന്‍കിജഹാന്‍ പ്രദേശത്തുള്ള സഹപ്രവര്‍ത്തകന്റെ വീട്ടിലെത്തിയ യുവാവ് സംഭവ ദിവസം രാവിലെ പ്രാദേശിക മാര്‍ക്കറ്റിലേക്ക് പോയി. പ്രദേശത്തെ വഴികള്‍ പരിചതമല്ലാത്തതിനാല്‍ ഇയാള്‍ മറ്റൊരിടത്തേക്കാണ് അബദ്ധത്തില്‍ എത്തപ്പെട്ടത്. ഇയാള്‍ ബംഗാളി ഭാഷയും വശമില്ലായിരുന്നു.
