തപാല്‍ ഓഫീസുകളുടെ പ്രവര്‍ത്തനം ഉച്ചക്ക് ഒരു മണി വരെ

ലോക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ തപാല്‍ ഓഫീസുകളുടെ പ്രവര്‍ത്തനസമയം ഉച്ചക്ക് ഒരു മണി വരെയാക്കി ചുരുക്കിക്കൊണ്ട് ചീഫ് പോസ്റ്റ് മാസ്റ്റര്‍ ജനറല്‍ ഉത്തരവിറക്കി. നിലവില്‍ മെയ് 16 വരെയാണ് ഈ ക്രമീകരണം. ഇതനുസരിച്ച് കണ്ണൂര്‍ ഡിവിഷനിലെ ഹെഡ് പോസ്റ്റ് ഓഫീസ് അടക്കമുള്ള മുഴുവന്‍ പോസ്റ്റ് ഓഫീസുകളും ഒരുമണി വരെ മാത്രമേ പ്രവര്‍ത്തിക്കുകയുള്ളൂ.
തപാല്‍ ഉരുപ്പടികളുടെ ബുക്കിംഗ് അതത് ഓഫീസുകളിലെ തപാല്‍ അയക്കുന്ന സമയമനുസരിച്ച് പുനക്രമീകരിക്കും.

കൗണ്ടര്‍ സേവനങ്ങളിലും സമയവ്യത്യാസം ഉണ്ടാകും. പൊതുഗതാഗതത്തിലുള്ള നിയന്ത്രണം തപാല്‍നീക്കത്തെ ബാധിക്കുന്നതിനാല്‍ തപാല്‍ ഉരുപ്പടികള്‍ ലഭിക്കുന്നതിന് കാലതാമസം ഉണ്ടാകാന്‍ ഇടയുണ്ട്. എന്നാല്‍ അത്യാവശ്യ മരുന്നുകളും മറ്റും എത്തിക്കേണ്ടവര്‍ ഉരുപ്പടികള്‍ ബുക്ക് ചെയ്യുമ്പോള്‍ വിവരം തപാല്‍ ഓഫീസില്‍ പ്രത്യേകം അറിയിച്ചാല്‍ പ്രത്യേക സംവിധാനം ഒരുക്കും. പൊതുജനങ്ങള്‍ പുതിയ ക്രമീകരണവുമായി സഹകരിക്കണമെന്ന് കണ്ണൂര്‍ പോസ്റ്റല്‍ സൂപ്രണ്ട് അറിയിച്ചു. സമയ ക്രമീകരണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അതത് തപാല്‍ ഓഫീസുകളില്‍ ലഭിക്കും.