രാജമല നെയ്മക്കാട് പെട്ടിമുടിമണ്ണിടിച്ചില്‍

തിരുവനന്തപുരം: മണ്ണിടിച്ചിലുണ്ടായ രാജമലയിലേക്ക് ദേശീയദുരന്തപ്രതിരോധസേനയെ നിയോഗിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. രാജമലയിൽ നിന്ന് സാധ്യമായാൽ എയർലിഫ്റ്റിംഗ് ആലോചിക്കുകയാണെന്ന് റവന്യൂമന്ത്രി ഇ ചന്ദ്രശേഖരനും അറിയിച്ചു. കാലാവസ്ഥ അനുകൂലമായാൽ എയർലിഫ്റ്റിംഗ് നടത്തും. നിലവിൽ അവിടെ രക്ഷാപ്രവർത്തനം തുടങ്ങിക്കഴിഞ്ഞതായും മന്ത്രി വ്യക്തമാക്കി

രാജമലയിലേക്ക് രക്ഷാ പ്രവർത്തനത്തിന് ഹെലികോപ്റ്റർ സേവനം ലഭ്യമാക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് വ്യോമ സേനയുമായി ബന്ധപ്പെട്ടുവെന്നും, ആവശ്യാനുസരണം ഉടൻ ലഭ്യമാവുമെന്നാണ് പ്രതീക്ഷയെന്നും മുഖ്യമന്ത്രിയുടെ ഓഫീസും അറിയിച്ചു. അതേസമയം, ഇടുക്കിയിലെ മണ്ണിടിച്ചില്‍ അപകടത്തില്‍പ്പെട്ടവര്‍ക്ക് ചികിത്സ ലഭ്യമാക്കാന്‍ പ്രത്യേക മൊബൈല്‍ മെഡിക്കല്‍ സംഘത്തെ അയച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. ഇതോടൊപ്പം 15 ആംബുലന്‍സുകളും സംഭവ സ്ഥലത്തേയ്ക്ക് അയച്ചിട്ടുണ്ട്. ആവശ്യമെങ്കില്‍ കൂടുതല്‍ മെഡിക്കല്‍ സംഘത്തേയും നിയോഗിക്കുന്നതാണ്. ആശുപത്രികള്‍ അടിയന്തരമായി സജ്ജമാക്കാനും നിര്‍ദേശം നല്‍കിയിട്ടുന്നെന്നും മന്ത്രി പറഞ്ഞു.

രാജമലയ്ക്കടുത്തുള്ള നെയ്മക്കാട് ഡിവിഷനിലെ പെട്ടിമുടി എന്ന പ്രദേശത്താണ് മണ്ണിടിച്ചിലുണ്ടായത്. രണ്ട് ലയങ്ങൾക്ക് മേലാണ് മണ്ണിടിഞ്ഞ് വീണതെന്നാണ് വിവരം. ഇരവികുളം നാഷണൽ പാർക്ക് അവസാനിക്കുകയും ഇടമലക്കുടി തുടങ്ങുകയും ചെയ്യുന്ന മേഖലയിലാണ് അപകടമുണ്ടായിട്ടുള്ളത്. തമിഴ്തോട്ടം തൊഴിലാളികൾ കൂട്ടത്തോടെ താമസിക്കുന്ന പ്രദേശമാണിത്.എത്ര പേർ അപകടത്തിൽപ്പെട്ടു എന്നതിൽ വ്യക്തതയില്ല. നാല് മൃതദേഹങ്ങൾ ഇവിടെ നിന്ന് കണ്ടെടുത്തു എന്ന സ്ഥിരീകരിക്കാത്ത വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. രണ്ട് വാഹനങ്ങളിലായി പത്ത് പേരെ പരിക്കേറ്റ നിലയിൽ മൂന്നാറിലെ ടാറ്റാ ആശുപത്രിയിലേക്ക് രാജമലയിൽ നിന്ന് എത്തിച്ചിട്ടുണ്ട്. അവരുടെ ആരോഗ്യനില നിലവിൽ തൃപ്തികരമാണ്.

മൂന്നാറിൽ നിന്ന് ഏതാണ്ട് 20 കിലോമീറ്റർ ദൂരം മാത്രമേ ഇവിടേയ്ക്ക് ഉള്ളൂ. പക്ഷേ വഴിയിലുള്ള പെരിയവര താൽക്കാലികപാലം ഒലിച്ചുപോയതോടെ, ഫോറസ്റ്റ് ചുറ്റിയുള്ള വഴി മാത്രമേ ഉണ്ടായിരുന്നുള്ളൂ. താൽക്കാലികമായി ഇവി‍ടെ ഒരു അപ്രോച്ച് റോഡ് കെട്ടിപ്പൊക്കിയിട്ടുണ്ട്. കഴിഞ്ഞ നാല് ദിവസമായി അവിടെ വൈദ്യുതിയുണ്ടായിരുന്നില്ല, മൊബൈൽ ഫോൺ ടവറുകൾ കഴിഞ്ഞ ജനുവരിയിൽ മാത്രമാണ് അവിടെ എത്തിയത്. ഇതും തകർന്നതായാണ് വിവരം. ലാൻഡ് ലൈനുകളും പ്രവ‍ർത്തിക്കുന്നില്ല. താൽക്കാലികമായി ജനറേറ്ററുകളടക്കം സാമഗ്രികളുമായാണ് അവിടേക്ക് രക്ഷാദൗത്യസംഘം പുറപ്പെട്ടിരിക്കുന്നത്. വനംവകുപ്പിന്‍റെയും തദ്ദേശവാസികളുടെയും നേതൃത്വത്തിലാണ് ഇവിടെ ആദ്യം രക്ഷാപ്രവർത്തനം തുടങ്ങിയത്.

Leave a Reply

Your email address will not be published. Required fields are marked *