എൽദോസ് കുന്നപ്പിള്ളിക്കെതിരായ പരാതിയിൽ ഇടപെട്ട സിഐക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചു

തിരുവനന്തപുരം: എൽദോസ് കുന്നപ്പിള്ളി എം.എൽ.എയ്ക്കെതിരായ ലൈംഗിക പീഡന പരാതി ഒത്തുതീർപ്പാക്കാൻ ഇടപെട്ടെന്ന ആരോപണത്തെ തുടർന്ന് സ്ഥലംമാറ്റപ്പെട്ട സി.ഐ ജി.പ്രിജുവിനെതിരെ വകുപ്പുതല അന്വേഷണം. ഡി.സി.ആർ.ബി അസിസ്റ്റന്‍റ് കമ്മീഷണറുടെ മേൽനോട്ടത്തിലാണ് അന്വേഷണം നടക്കുക. പ്രിജുവിനെ ആലപ്പുഴ പട്ടണക്കാട് പൊലീസ് സ്റ്റേഷനിലേക്ക് ആരോപണത്തെ തുടർന്ന് മാറ്റി. ഒ.എസ് ബിജോയിക്ക് കോവളം സ്റ്റേഷന്‍റെ ചുമതല നൽകി.

കഴിഞ്ഞ മാസം 28ന് എം.എൽ.എ എൽദോസ് കുന്നപ്പിള്ളി തന്നെ ശാരീരികമായി ഉപദ്രവിച്ചെന്ന് കാണിച്ച് പേട്ട സ്വദേശിയായ അധ്യാപികയാണ് പരാതി നൽകിയത്.

പരാതി കോവളം സിഐക്ക് കമ്മീഷണർ കൈമാറിയെങ്കിലും ഒക്ടോബർ എട്ടിനാണ് യുവതിയെ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയത്. തുടർന്ന് കേസ് ഒത്തുതീർപ്പാക്കാൻ സിഐ ശ്രമിച്ചെന്ന് യുവതി ആരോപിച്ചു. പരാതി പിൻവലിച്ചാൽ 30 ലക്ഷം രൂപ നൽകാമെന്ന് എൽദോസ് കുന്നപ്പിള്ളി വാഗ്ദാനം ചെയ്തിരുന്നതായും യുവതി വെളിപ്പെടുത്തി. ഇതിന് പിന്നാലെയാണ് സിഐയെ സ്ഥലം മാറ്റിയത്.