സിവിക് ചന്ദ്രൻ കേസ്; ജഡ്ജി കൃഷ്ണകുമാറിന്റെ ഹർജി ഹൈക്കോടതി തള്ളി

കൊച്ചി: ലേബർ കോടതിയിലേക്ക് സ്ഥലംമാറ്റിയ ഉത്തരവിനെതിരെ കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി എസ് കൃഷ്ണകുമാറിന്‍റെ ഹർജി ഹൈക്കോടതി തള്ളി. ലേബർ കോടതിയിൽ ഡെപ്യൂട്ടേഷൻ തസ്തികയിലേക്ക് സ്ഥലം മാറ്റിയത് നിയമവിരുദ്ധമാണെന്ന വാദം ജസ്റ്റിസ് അനു ശിവരാമൻ അധ്യക്ഷനായ ബെഞ്ച് തള്ളി. സിവിക് ചന്ദ്രനെതിരായ ലൈംഗിക പീഡനക്കേസിലെ മുൻകൂർ ജാമ്യ ഉത്തരവിലെ പരാമർശം വിവാദമായതിനെ തുടർന്നാണ് എസ് കൃഷ്ണകുമാറിനെ കൊല്ലം ലേബർ കോടതിയിലേക്ക് സ്ഥലം മാറ്റിയത്. നേരത്തെ കേസ് പരിഗണിക്കവേ സ്ഥലംമാറ്റ ഉത്തരവിൽ തെറ്റില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. ലേബർ കോടതി ജഡ്ജി തസ്തിക ഡെപ്യൂട്ടേഷൻ തസ്തികയല്ലെന്നും അതിനാൽ മുൻകൂർ അനുമതി വാങ്ങേണ്ടതില്ലെന്നുമായിരുന്നു കോടതിയുടെ നിലപാട്. സിവിക് ചന്ദ്രനെതിരായ ലൈംഗിക പീഡന പരാതിയിലെ മുൻകൂർ ജാമ്യാപേക്ഷ വിധിയിൽ യുവതി പ്രകോപനപരമായ വസ്ത്രം ധരിച്ചതായി പരാമർശിച്ചിരുന്നു. ചിത്രങ്ങൾ പരിശോധിച്ചതിൽ പ്രകോപനപരമായ വസ്ത്രങ്ങൾ ധരിച്ചിരുന്നതിനാൽ ഐപിസി സെക്ഷൻ 354 എ നിലനിൽക്കുന്നില്ലെന്ന് ഉത്തരവിൽ പറയുന്നു. ഈ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. റഫറൻസുകൾക്കും സ്റ്റേ ഉണ്ട്. ഉത്തരവും സർക്കാരിന്റെ അപ്പീലിലെ പരാമർശങ്ങളും ജസ്റ്റിസ് കൗസർ എടപ്പഗത്ത് സ്റ്റേ ചെയ്തു.