തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സില്‍ പിന്‍സീറ്റ് യാത്രികര്‍ക്ക് പരിരക്ഷ; കേസ് ഭരണഘടനാ ബഞ്ചിന്‌

ന്യൂഡല്‍ഹി: മോട്ടോർസൈക്കിളുകളിലെ പിൻസീറ്റ് യാത്രികർക്ക് അപകടമുണ്ടായാൽ മൂന്നാം കക്ഷി പരിരക്ഷ നൽകണമോയെന്ന കാര്യം ഭരണഘടനാ ബെഞ്ചിന് വിട്ട് സുപ്രീം കോടതി. കേരളത്തില്‍നിന്നുള്ള കേസിലെ നിയമപരമായ ചോദ്യമാണ് ജസ്റ്റിസ് ഹേമന്ത് ഗുപ്ത അദ്ധ്യക്ഷനായ ബെഞ്ച് അഞ്ചംഗ ബെഞ്ചിന് വിട്ടത്.

പിൻസീറ്റ് യാത്രക്കാരനും പരിരക്ഷ ലഭിക്കുന്നതിന് വാഹനത്തിന്‍റെ ഉടമ അധിക പ്രീമിയം അടയ്ക്കണമായിരുന്നു എന്നാണ് ഇൻഷുറൻസ് കമ്പനി വാദിച്ചത്. വാഹനത്തിന്‍റെ ഉടമയ്ക്ക് തേർഡ് പാർട്ടി ഇൻഷുറൻസ് മാത്രമേ ഉള്ളൂവെങ്കിൽ, പിൻസീറ്റ് റൈഡറെ മൂന്നാം കക്ഷിയായി കാണാനോ നഷ്ടപരിഹാരം നൽകാനോ കഴിയില്ലെന്ന് ന്യൂ ഇന്ത്യ അഷ്വറൻസ് വാദിച്ചു. പിൻസീറ്റ് യാത്രക്കാരന് മരണമോ പരിക്കോ സംഭവിച്ചാൽ മൂന്നാം കക്ഷി ഇൻഷുറൻസ് ഉണ്ടായിരിക്കില്ല.

ഇൻഷ്വർ ചെയ്ത വാഹനത്തിന്‍റെ ഉടമ ഒഴികെ മറ്റെല്ലാവരെയും മൂന്നാം കക്ഷിയായി പരിഗണിക്കണമോ എന്ന വിഷയമാണ് ഭരണഘടനാ ബെഞ്ചിന് വിട്ടത്. മോട്ടോർ വെഹിക്കിൾ ഇൻഷുറൻസിൽ, വാഹനത്തിന്‍റെ ഉടമ ഒന്നാം കക്ഷിയും ഇൻഷുറൻസ് കമ്പനി രണ്ടാം കക്ഷിയുമാണ്. ഇവർ രണ്ടും ഒഴികെയുള്ള എല്ലാവരെയും മൂന്നാം കക്ഷികളായി പരിഗണിച്ച് തേർഡ് പാർട്ടി ഇൻഷുറൻസ് പരിരക്ഷ ലഭ്യമാക്കണോ എന്ന വിശാലമായ നിയമപ്രശ്നമാണ് ഭരണഘടനാ ബെഞ്ച് പരിശോധിക്കുക.