ലഹരി ഉപയോഗം തടയാൻ ബഹുമുഖ കർമ്മ പദ്ധതിയുമായി മുഖ്യമന്ത്രി; ഒക്ടോബർ 2ന് തുടക്കം

തിരുവനന്തപുരം: വർധിച്ചുവരുന്ന മയക്കുമരുന്ന് ഉപയോഗം തടയുന്നതിനുള്ള ബഹുമുഖ കർമ്മ പദ്ധതി ഒക്ടോബർ രണ്ടിന് ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കർമ്മ പദ്ധതി നവംബർ 1 വരെ നീണ്ടുനിൽക്കും. യുവാക്കളും ഓരോ കുടുംബവും സംഘടനകളും സാമൂഹിക കൂട്ടായ്മകളും ഇതിന്‍റെ ഭാഗമാകണമെന്ന് മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.
ലഹരി വിൽക്കുന്നില്ലെന്ന് കാണിച്ച് കടകളിൽ ബോർഡ് സ്ഥാപിക്കണം. ലഹരി വിൽക്കുകയാണെങ്കിൽ പരാതി നൽകാൻ കഴിയുന്ന നമ്പറുകൾ ബോർഡിൽ ഉൾപ്പെടുത്തണം. സ്കൂളുകൾക്ക് സമീപമുള്ള കടകളിൽ ലഹരി വിറ്റാൽ, ആ കട പിന്നീട് തുറന്നു പ്രവർത്തിക്കാനാകില്ല. എക്സൈസിന്‍റെ കൺട്രോൾ റൂമിൽ ആളുകൾക്ക് ലഹരി വിൽപ്പനയെക്കുറിച്ചുള്ള രഹസ്യവിവരങ്ങൾ നൽകാം. ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്കായി സംസ്ഥാന, ജില്ലാ തലങ്ങളിലും തദ്ദേശ സ്ഥാപനങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സമിതി രൂപീകരിക്കും.
സംസ്ഥാന കമ്മിറ്റിയിൽ മുഖ്യമന്ത്രി, തദ്ദേശ, എക്സൈസ് മന്ത്രിമാരും ഉദ്യോഗസ്ഥരും ഉണ്ടാകും. യുവജനങ്ങൾ, വിദ്യാർത്ഥികൾ, സ്ത്രീകൾ, കുടുംബശ്രീ പ്രവർത്തകർ, മത-സാമുദായിക സംഘടനകൾ, ക്ലബ്ബുകൾ, റസിഡന്‍റ്സ് അസോസിയേഷനുകൾ, സാമൂഹിക-സാംസ്കാരിക സംഘടനകൾ, രാഷ്ട്രീയ പാർട്ടികൾ എന്നിവർ കർമ്മ പദ്ധതിയിൽ പങ്കാളികളാകും. സിനിമ, സീരിയൽ, സ്പോർട്സ് മേഖലകളിലെ പ്രമുഖരും കർമ്മ പദ്ധതിക്ക് പിന്തുണ നൽകും.