സംവിധായകൻ വിവേക് അഗ്‍നിഹോത്രിയുടെ ‘ദി വാക്സിൻ വാര്‍’ ചിത്രീകരണം ആരംഭിക്കുന്നു

‘ദ കശ്‍മിര്‍ ഫയൽസ്’ എന്ന ചിത്രത്തിലൂടെയാണ് വിവേക് അഗ്നിഹോത്രി രാജ്യമൊട്ടാകെ പ്രശസ്തനാകുന്നത്. സമീപകാലത്ത് ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ടതും വിവാദപരവുമായ ബോളിവുഡ് ചിത്രങ്ങളിൽ ഒന്നായിരുന്നു ‘ദി കശ്‍മിര്‍ ഫയൽസ്’. ചിത്രത്തിന് തിയേറ്ററുകളിൽ മികച്ച പ്രതികരണമാണ് ലഭിച്ചത്. വിവേക് അഗ്നിഹോത്രിയുടെ പുതിയ ചിത്രം പൂജയോടെ ആരംഭിച്ചിരിക്കുകയാണ്.

വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘ദി വാക്‌സിൻ വാർ’. സിനിമയുടെ ചിത്രീകരണം ലഖ്നൗവിൽ നടക്കും. അവിശ്വസനീയമായ ഒരു സത്യകഥയാണ് ചിത്രം പറയുന്നതെന്ന് വിവേക് അഗ്നിഹോത്രി നേരത്തെ പറഞ്ഞിരുന്നു. 2023 ലെ സ്വാതന്ത്ര്യദിനത്തിൽ ചിത്രം 11 ഭാഷകളിൽ റിലീസ് ചെയ്യാനാണ് തീരുമാനം.

കോവിഡ്-19, രാജ്യത്തെ വാക്സിനേഷൻ പ്രക്രിയ എന്നിവയെക്കുറിച്ചുള്ളതായിരിക്കും സിനിമയെന്നാണ് റിപ്പോർട്ടുകൾ. അയാം ബുദ്ധ പ്രൊഡക്ഷൻസാണ് ചിത്രം നിർമ്മിക്കുന്നത്. അഭിഷേക് അഗർവാൾ ആർട്സിന്‍റെ ബാനറിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. അഭിനേതാക്കൾ ആരായിരിക്കുമെന്ന് വെളിപ്പെടുത്തിയിട്ടില്ല.