ഐഎഫ്എഫ്കെയിൽ പ്രതിഷേധിച്ചവര്‍ക്കെതിരെ പരാതി നൽകിയിട്ടില്ലെന്ന് രഞ്ജിത്ത്

തിരുവനന്തപുരം: ഡെലിഗേറ്റ് പാസില്ലാതെ ബഹളമുണ്ടാക്കിയതിനാണ് അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ പങ്കെടുത്തവർക്കെതിരെ കേസെടുത്തതെന്ന് പൊലീസ് അറിയിച്ചു. ഫെസ്റ്റിവൽ ഓഫീസിലേക്ക് പ്രതിഷേധക്കാർ അതിക്രമിച്ച് കയറാൻ ശ്രമിച്ചതായും പൊലീസ് ആരോപിച്ചു. എന്നാൽ ഡെലിഗേറ്റ് പാസ് ഉണ്ടെന്ന് പ്രതി ചേർക്കപ്പെട്ട വിദ്യാർത്ഥികൾ പറഞ്ഞു.

അതേസമയം വിദ്യാർത്ഥികൾക്കെതിരെ പരാതി നൽകിയിട്ടില്ലെന്ന് ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത് വ്യക്തമാക്കി. പൊലീസിന് ഇടപെടാൻ അവരുടേതായ കാരണങ്ങളുണ്ടാകാമെന്നും പ്രതിഷേധങ്ങൾ അടിച്ചമർത്തില്ലെന്നും രഞ്ജിത്ത് പറഞ്ഞു.

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം ‘നൻപകൽ നേരത്ത് മയക്കം’ എന്ന ചിത്രത്തിന്‍റെ റിസർവേഷനെ ചൊല്ലിയായിരുന്നു പ്രതിഷേധം. വിദ്യാർത്ഥികൾക്കെതിരെ കലാപത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്. പൊലീസ് കസ്റ്റഡിയിൽ മർദനമേറ്റെന്നും ഒപ്പമുണ്ടായിരുന്ന നവീൻ കിഷോർ രക്തം തുപ്പിയെന്നും പ്രതിയാക്കപ്പെട്ട നിഹാരിക ആരോപിച്ചിരുന്നു.