സെനറ്റ് അംഗങ്ങള്‍ തന്‍റെ നടപടികള്‍ക്ക് എതിരെ പ്രവർത്തിച്ചുവെന്ന് ഗവര്‍ണര്‍

കൊച്ചി: കേരള സർവകലാശാല സെനറ്റ് അംഗങ്ങൾക്കെതിരെ രൂക്ഷവിമർശനവുമായി കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സെനറ്റിലെ അംഗങ്ങൾ തന്‍റെ നടപടികൾക്കെതിരെ പ്രവർത്തിച്ചതായി ഗവർണർ കോടതിയെ അറിയിച്ചു. ഇതിന് പിന്നാലെയാണ് പ്രീതി പിൻവലിക്കേണ്ടി വന്നതെന്നാണ് വിശദീകരണം. ഗവർണറുടെ പുറത്താക്കലിനെതിരെ കേരള സർവകലാശാല സെനറ്റ് അംഗങ്ങൾ നൽകിയ ഹർജിയിൽ വാദം പൂർത്തിയായി. കേസിൽ ഹൈക്കോടതി നാളെ ഉച്ചയ്ക്ക് 1.45ന് വിധി പറയും.

ഗവർണറുടെ നടപടി നിയമവിരുദ്ധമാണെന്ന് ഹർജിക്കാർ കോടതിയെ അറിയിച്ചു. വി.സിയെ തിരഞ്ഞെടുക്കുന്നതിനായി സെർച്ച് കമ്മിറ്റി രൂപീകരിക്കാൻ ഗവർണർ ആവർത്തിച്ച് അഭ്യർത്ഥിച്ചിട്ടും സെനറ്റ് അംഗങ്ങൾ തീരുമാനമെടുക്കാത്തതിനെ തുടർന്ന് ചാൻസലർ സെനറ്റ് അംഗങ്ങളെ പിൻവലിക്കുകയും, വിസി നിയമനത്തിനായി സെർച്ച് കമ്മിറ്റി രൂപീകരിക്കുകയും ചെയ്തിരുന്നു. എന്നാൽ ഈ നീക്കം റദ്ദാക്കണമെന്ന് 15 സെനറ്റ് അംഗങ്ങൾ ആവശ്യപ്പെട്ടു.