സര്‍ക്കാര്‍ അനുമതിയില്ലാതെ ഫണ്ട് വകമാറ്റിയെന്ന് ആരോപണം; ഡിജിപി കുരുക്കില്‍

തിരുവനന്തപുരം: പൊലീസിലെ ഫണ്ട് വിനിയോഗത്തിൽ ഗുരുതരമായ ക്രമക്കേടുകളും ദുർവിനിയോഗവും നടന്നതായി ആഭ്യന്തര വകുപ്പ് ആരോപിച്ചു. സർക്കാർ അനുമതിയില്ലാതെ നിർമ്മാണ പ്രവർത്തനങ്ങൾക്കായി പൊലീസ് ലക്ഷങ്ങൾ ചെലവഴിച്ചതാണ് വിവാദമായത്. തെറ്റായ ധനവിനിയോഗത്തിന്റെ ഉത്തരവാദി ഡിജിപിയാണെന്ന് സർക്കാർ കുറ്റപ്പെടുത്തി.

സംസ്ഥാന പൊലീസ് അക്കാദമിയിലെ പച്ചക്കറിത്തോട്ടത്തിന്‍റെ മതിലിന്‍റെ ഉയരം വർദ്ധിപ്പിക്കാൻ സംസ്ഥാന സർക്കാർ 24 ലക്ഷം രൂപ അനുവദിച്ചിരുന്നു. നിർമാണം പൂർത്തിയായപ്പോൾ നാലുലക്ഷം രൂപ ബാക്കിയുണ്ടായിരുന്നു. ആ തുക ഉപയോഗിച്ച് പൊലീസ് അക്കാദമിയിൽ ആംഫിതിയേറ്റർ നിർമ്മിക്കാൻ സംസ്ഥാന പൊലീസ് മേധാവി സ്വമേധയാ അനുമതി നൽകി.

മെസ് ഹാൾ നവീകരണത്തിനായി നേരത്തെ അനുവദിച്ച തുകയിൽ നിന്ന് ശേഷിക്കുന്ന നാല് ലക്ഷം രൂപയും ഈ പദ്ധതിക്കായി നൽകി. ഇതൊന്നും സർക്കാർ അറിഞ്ഞിരുന്നില്ല. ഈ നിര്‍മാണത്തിന് ശേഷം ബാക്കിയായ ഒരു ലക്ഷം രൂപ പൊലീസ് അക്കാദമിയിൽ തന്നെ വാഹന ഷെഡ് നവീകരണത്തിന് ഉപയോഗിക്കാനും പൊലീസ് മേധാവി അനുമതി നൽകി. ഇതും സർക്കാർ അറിഞ്ഞിട്ടില്ല.

പിന്നീട് നിർമ്മാണ പ്രവർത്തനങ്ങൾക്ക് അനുമതി തേടി പൊലീസ് മേധാവി സർക്കാരിന് കത്ത് നൽകി. ആഭ്യന്തര വകുപ്പ് നൽകിയ മറുപടി കത്തിലാണ് പൊലീസ് മേധാവിക്കെതിരെ രൂക്ഷവിമർശനവുമായി സർക്കാർ രംഗത്തെത്തിയത്. ഇത്തരത്തിൽ നിരവധി നിയമലംഘനങ്ങൾ പൊലീസിന്‍റെ ഭാഗത്തുനിന്നുണ്ടായിട്ടുണ്ടെന്നും കത്തിൽ പറയുന്നു.