‘ഭീകരവാദം വെല്ലുവിളിയുയര്‍ത്തിയിട്ടും ഇന്ത്യ മുന്നോട്ട്’

ന്യൂഡല്‍ഹി: 75-ാം സ്വാതന്ത്ര്യദിനത്തെ ഇന്ത്യയുടെ ഐതിഹാസിക ദിനമെന്ന് വിശേഷിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചെങ്കോട്ടയിൽ ദേശീയപതാക ഉയർത്തിയ ശേഷം രാജ്യത്തെ അഭിസംബോധന ചെയ്യവേ എല്ലാ പൗരൻമാർക്കും പ്രധാനമന്ത്രി സ്വാതന്ത്ര്യദിനാശംസകൾ നേർന്നു.

“75 വയസ്സിലേക്കുള്ള രാജ്യത്തിന്‍റെ യാത്ര ഒട്ടും എളുപ്പമായിരുന്നില്ല. ഈ കാലയളവിൽ രാജ്യം നിരവധി ഉയർച്ച താഴ്ചകൾ നേരിട്ടു. ഇന്ന്, രാജ്യത്തിന്‍റെ എല്ലാ മുക്കിലും മൂലയിലും ദേശീയ പതാക പാറുന്നു.” പ്രധാനമന്ത്രി പറഞ്ഞു. എണ്ണമറ്റ പോരാളികൾ സ്വാതന്ത്ര്യസമരത്തിൽ ബ്രിട്ടീഷുകാരെ വിറപ്പിച്ചു. മഹാത്മാഗാന്ധി, സുഭാഷ് ചന്ദ്രബോസ്, അംബേദ്കർ ,സവർക്കർ എന്നിവരെ പ്രധാനമന്ത്രി അനുസ്മരിച്ചു.

ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിനെ അനുസ്മരിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി നെഹ്റുവിനെ വണങ്ങുന്നുവെന്ന് പറഞ്ഞു. ഇന്ത്യയുടെ നാരീശക്തിയിൽ താൻ അഭിമാനിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത സ്ത്രീകളെ അദ്ദേഹം പ്രത്യേകം അനുസ്മരിച്ചു. രാജ്യത്തിന് വേണ്ടി പോരാടിയവരെ ഓർക്കണം. സ്വന്തം ജീവൻ പണയപ്പെടുത്തിയവരെ ഓർക്കണം. അതിന് വേണ്ടിയാണ് അമൃത് മഹോത്സവ്.

ചരിത്രം അവഗണിച്ചവരെയും അനുസ്മരിക്കാനുള്ള ദിവസമാണിത്. സ്വാതന്ത്ര്യസമര സേനാനികളുടെ സ്വപ്നം സാക്ഷാത്കരിക്കാൻ നാം മുന്നോട്ട് പോകണം. സ്വാതന്ത്ര്യസമര സേനാനികളോടുള്ള കടങ്ങൾ വീട്ടാനും ചരിത്രദിനത്തിൽ ഒരു പുതിയ കാഴ്ചപ്പാടുമായി മുന്നോട്ട് പോകുന്നതിന് ഒരു പുതിയ അധ്യായം ആരംഭിക്കാനും പ്രധാനമന്ത്രി ജനങ്ങളോട് അഭ്യർത്ഥിച്ചു. സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത ആദിവാസികളെ അഭിവാദ്യം ചെയ്യുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.