‘അക്കാര്യത്തെക്കുറിച്ച് അധികം ആശങ്കപ്പെടേണ്ട’; സഹതാരങ്ങൾക്ക് ഉപദേശവുമായി ഛേത്രി

ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീമിന്‍റെ ഭാവിയെക്കുറിച്ച് ഇപ്പോഴും ആശങ്ക തുടരുകയാണ്. അന്താരാഷ്ട്ര സൗഹൃദ മത്സരങ്ങൾ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും ഇന്ത്യൻ ഫുട്ബോളിന് ഫിഫ വിലക്ക് ഏർപ്പെടുത്തുമോ എന്ന ആശങ്ക ഇപ്പോഴും നിലനിൽക്കുന്നുണ്ട്.

അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷന്‍റെ പ്രസിഡന്‍റ് സ്ഥാനത്ത് നിന്ന് പ്രഫുൽ പട്ടേലിനെ നീക്കി പകരം മൂന്നംഗ ഭരണസമിതിയെ നിയമിച്ചതോടെയാണ് പ്രശ്നങ്ങൾക്ക് തുടക്കമായത്. പ്രശ്നങ്ങൾ വൈകാതെ പരിഹരിച്ചില്ലെങ്കിൽ വിലക്ക് നേരിടേണ്ടിവരുമെന്ന് ഫിഫ അറിയിച്ചിരുന്നു. എന്നാൽ ഇന്ത്യൻ താരങ്ങളോട് ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന് ക്യാപ്റ്റൻ സുനിൽ ഛേത്രി പറഞ്ഞു. കഴിഞ്ഞ ദിവസം ബെംഗളൂരു എഫ്.സി സംഘടിപ്പിച്ച പരിപാടിയിലാണ് ഛേത്രി ഇക്കാര്യം പറഞ്ഞത്.

“ഞാൻ ടീമം​ഗങ്ങളുമായി സംസാരിച്ചിരുന്നു, അവരോട് എന്റെ ഉപദേശം ഇക്കാര്യത്തിൽ അധികം ശ്രദ്ധ കൊടുക്കേണ്ടതില്ല എന്നാണ്, കാരണം ഇത് നമ്മുടെയാരുടേയും നിയന്ത്രണത്തിൽ നിൽക്കുന്ന കാര്യമല്ല, ഈ സംഭവത്തിൽ അനുകൂലമായി ഒരു ഫലം കണ്ടെത്താനായി, ഇതുമായി ബന്ധപ്പെട്ടവരെല്ലാം കഠിനാധ്വാനം നടത്തുന്നുണ്ട്”, ഛേത്രി പറഞ്ഞു.