ഇന്ത്യക്കാർ പതിവായി ആപ്പുകളിൽ ചെലവഴിക്കുന്നത് മണിക്കൂറുകൾ: റിപ്പോർട്ട്

ഡൽഹി: ഇന്ത്യയുൾപ്പെടെ ലോകമെമ്പാടുമുള്ള വിപണികളിലെ സ്മാർട്ട്ഫോൺ ഉപയോക്താക്കൾ ദിവസം നാലോ അഞ്ചോ മണിക്കൂർ ആപ്പുകൾ ബ്രൗസുചെയ്യാൻ ചെലവഴിക്കുന്നതായി റിപ്പോർട്ടുകൾ. ആപ്ലിക്കേഷനുകളിൽ ചെലവഴിക്കുന്ന ദൈനംദിന സമയം രാജ്യം അനുസരിച്ച് വ്യത്യാസപ്പെടുന്നുണ്ടെങ്കിലും, ഇപ്പോൾ 13 വിപണികളിലെ ഉപയോക്താക്കൾ ദിവസം നാല് മണിക്കൂറിലധികം ആപ്ലിക്കേഷനുകൾ ഉപയോഗിക്കുന്നുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.

ഇന്തോനേഷ്യ, സിംഗപ്പൂർ, ബ്രസീൽ, മെക്സിക്കോ, ഓസ്ട്രേലിയ, ഇന്ത്യ, ജപ്പാൻ, ദക്ഷിണ കൊറിയ, കാനഡ, റഷ്യ, തുർക്കി, യുഎസ്, യുകെ എന്നിവ ഇതിൽ ഉൾപ്പെടുന്നു. കൂടാതെ ഇന്തോനേഷ്യ, സിംഗപ്പൂർ, ബ്രസീൽ എന്നിവിടങ്ങളിലെ മൊബൈൽ ഉപയോക്താക്കൾ ഒരു ദിവസം അഞ്ച് മണിക്കൂറിലധികം ആപ്ലിക്കേഷനുകളിൽ ചെലവഴിക്കുന്നു.

2020 ന്‍റെ രണ്ടാം പാദം മുതൽ ആപ്പ് ഉപയോഗത്തിലെ വളർച്ച അൽപ്പം മന്ദഗതിയിലായെങ്കിലും, കൊവിഡും ലോക്ക്ഡൗണും ഉപയോഗം വർദ്ധിപ്പിക്കുന്നതിന് കാരണമായി. വർക്ക് ഫ്രം ഹോം, ഓൺലൈൻ ഷോപ്പിംഗ്, നെറ്റ് ബാങ്കിംഗ്, ഗെയിമുകൾ എന്നിവയുൾപ്പെടെ എല്ലാ വിഭാഗങ്ങളിലും ആപ്ലിക്കേഷൻ ഉപയോഗം വർദ്ധിക്കാൻ ലോക്ക്ഡൗൺ കാരണമായതായി റിപ്പോർട്ടിൽ പറയുന്നു. മീറ്റിംഗുകൾ, സ്കൂൾ ഇവന്‍റുകൾ എന്നിവയ്ക്കുള്ള ഓൺലൈൻ ക്ലാസുകളും ഫോൺ ഉപയോഗം വർദ്ധിപ്പിച്ചു.