ചാമ്പ്യൻസ് ലീഗിൽ റേഞ്ചേഴ്‌സിനെ തകർത്ത് ലിവര്‍പൂള്‍

ഗ്ലാസ്ഗോ: യുവേഫ ചാമ്പ്യൻസ് ലീഗിൽ സലായുടെ ഹാട്രിക്കിലൂടെ റേഞ്ചേഴ്സിനെതിരെ ലിവർപൂളിന്‍റെ ഗോൾ വർഷം. 7-1നാണ് റേഞ്ചേഴ്സിനെ ലിവർപൂൾ പരാജയപ്പെടുത്തിയത്. 17-ാം മിനിറ്റിൽ സ്കോട്ട് അര്‍ഫീല്‍ഡിലൂടെ റേഞ്ചേഴ്സ് ആദ്യ ഗോൾ നേടി. എന്നാൽ പിന്നീട് ലിവർപൂൾ കളിക്കാർ ഗോൾ വർഷം അഴിച്ചുവിടുകയായിരുന്നു.

24-ാം മിനിറ്റിൽ റോബർട്ടോ ഫിർമിനോയാണ് ലിവർപൂളിനായി ആദ്യ ഗോൾ നേടിയത്. 55-ാം മിനിറ്റിൽ ഫിർമിനോ വീണ്ടും ഗോൾ നേടി. 66-ാം മിനിറ്റിൽ ഡാര്‍വിന്‍ നുനെസാണ് മൂന്നാം ഗോൾ നേടിയത്. പിന്നീട് മുഹമ്മദ് സലായുടെ കളിയായിരുന്നു.

ആറ് മിനിറ്റും 12 സെക്കൻഡും കൊണ്ട് ഹാട്രിക് നേടിയ സലാ ചാമ്പ്യൻസ് ലീഗിലെ ഏറ്റവും വേഗമേറിയ ഹാട്രിക്കെന്ന റെക്കോർഡ് സ്ഥാപിച്ചു. 75, 80, 81 മിനിറ്റുകളിലായിരുന്നു സലായുടെ ഗോളുകൾ . 87-ാം മിനിറ്റിൽ ഹാർവി എലിയറ്റാണ് വിജയഗോൾ നേടിയത്.